അടുത്തിടെ ഇറങ്ങിയ മോഹൻലാൽ ചിത്രങ്ങളിൽ എല്ലാം ഹണി റോസിന്റെ സാന്നിധ്യം..ഹണി റോസ് മോഹൻലാലിൻറെ ഭാഗ്യ നായികയോ?

in Special Report


സിനിമയിലെ ചില കൂട്ടുകെട്ടുകളെ ഭാഗ്യ ജോഡികൾ എന്ന് വിശേഷിപ്പിക്കാറുണ്ട്. പ്രേം നസീർ- ഷീല, മോഹൻലാൽ- ശോഭന, ദിലീപ്- കാവ്യ മാധവൻ തുടങ്ങി ഭാഗ്യ ജോഡികൾ എന്ന് വിശേഷിക്കുന്ന ഒരുപാട് പേരുണ്ട് മലയാള സിനിമയിൽ. ഒരു കാലത്ത് മലയാള സിനിമയിൽ ഏറ്റവും അധികം ശ്രദ്ധേയമായ ജോഡി ആയിരുന്നു മോഹൻലാൽ- ശോഭന. 50ൽ അധികം ചിത്രങ്ങളിൽ ഇവർ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മഞ്ജു വാര്യർ, രേവതി, മീന എന്നിവരെല്ലാം മോഹൻലാലിനോടൊപ്പം ഉള്ള ഭാഗ്യ നായികമാരായിരുന്നു. ഇത്തരത്തിൽ മോഹൻലാൽ ചിത്രങ്ങളിൽ അടുത്തിടെ നായികയായി എത്തുന്ന താരമാണ് ഹണി റോസ്.

വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് ഹണി റോസ്.
വിനയൻ സംവിധാനം ചെയ്ത “ബോയ്ഫ്രണ്ട്” എന്ന ചിത്രത്തിലൂടെ 2005ൽ മണിക്കുട്ടന്റെ നായികയായെത്തിയ ഹണിറോസ് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിരുന്നുവെങ്കിലും ഒരു ഇടവേളയ്ക്ക് ശേഷം “ട്രിവാൻഡ്രം ലോഡ്ജ്” എന്ന സിനിമയിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. ഹണി റോസിന്റെ അഭിനയജീവിതത്തിലെ തന്നെ നാഴികക്കല്ലായി മാറി ഈ സിനിമയിലെ ധ്വനി എന്ന കഥാപാത്രം. തൊടുപുഴ സ്വദേശിയായ ഹണിറോസ് മലയാളസിനിമയിലെ എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. “കനൽ “, “ഇട്ടിമാണി മെയിഡ് ഇൻ ചൈന”, “ബിഗ് ബ്രദർ” എന്നീ സിനിമകളിൽ മോഹൻലാലിനോടൊപ്പം,

“ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്” എന്ന സിനിമയിൽ മമ്മൂട്ടിക്കൊപ്പം, “സർ സിപി” എന്ന സിനിമയിൽ ജയറാമിന്റെ നായികയായി, “മൈ ഗോഡ്” എന്ന സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി, “റിങ് മാസ്റ്ററിൽ” ദിലീപിന്റെ നായികയായി അഭിനയിക്കാൻ ഹണി റോസിന് സാധിച്ചു.മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നട എന്നീ തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചിട്ടുള്ള താരം അടുത്തിടെ ഇറങ്ങിയ പല മോഹൻലാൽ ചിത്രങ്ങളിലും അഭിവാജ്യ ഘടകം ആയി മാറിയിരിക്കുകയാണ്. “കനൽ” എന്ന ചിത്രത്തിൽ ആയിരുന്നു മോഹൻലാലും ഹണി റോസും ആദ്യമായി ഒരു സിനിമയിൽ ഒന്നിക്കുന്നത്. ചിത്രത്തിൽ ഹണി റോസ് ആയിരുന്നു മോഹൻലാലിന്റെ നായിക.

എസ് സുരേഷ് ബാബുവിന്റെ തിരക്കഥയിൽ എം പത്മകുമാർ സംവിധാനം ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയിരുന്നു. പിന്നീട് നാലു വർഷങ്ങൾക്ക് ശേഷം “ഇട്ടിമാണി മെയ്ഡ് ഇൻ ചൈന” എന്ന ചിത്രത്തിലാണ് മോഹൻലാലും ഹണി റോസും ഒന്നിച്ചത്. ഈ ചിത്രത്തിലും മോഹൻലാലിൻറെ നായിക ആയിരുന്നു ഹണി റോസ്. പിന്നീട് സിദ്ധിഖ് സംവിധാനം ചെയ്ത “ബിഗ് ബ്രദർ” എന്ന ചിത്രത്തിൽ ആണ് ഇവർ ഒന്നിച്ചത്. ഈ ചിത്രത്തിൽ മോഹൻലാലിൻറെ നായികാ ആയിരുന്നില്ലെങ്കിലും ഇവർ ഒരുമിച്ചുള്ള ഒരുപാട് രംഗങ്ങൾ ഉണ്ടായിരുന്നു ചിത്രത്തിൽ. ഇപ്പോഴിതാ വൈശാഖ് സംവിധാനം ചെയ്യുന്ന “മോൺസ്റ്റർ” എന്ന ചിത്രത്തിലും ഈ കൂട്ടുകെട്ട് ഉണ്ട്. ഇതോടെ മോഹൻലാലിൻറെ ഭാഗ്യ നായിക ഹണി റോസ് ആണെന്ന രീതിയിലുള്ള വാർത്തകൾ ആണ് പ്രചരിക്കുന്നത്.