Special Report
ഇത്രയൊക്കെ നടന്നിട്ടും വീണ്ടും നീ അവളുടെ സാരിത്തുമ്പിലിങ്ങനെ…സങ്കടം കൊണ്ടാടാ ചേച്ചിയും അമ്മയുമൊക്കെ…
നഖക്ഷതങ്ങൾ ~ രചന: നിഹാരിക നീനു
“ചേച്ചീ….,”
സൗമ്യ തിരിഞ്ഞ് നോക്കി ആദിത്യനാണ്… എന്തോ പറയാനുണ്ടെന്ന് വ്യക്തം…
“എന്താ ആദി …? “
” അഞ്ജു, അഞ്ജന അവൾ ഗർഭിണിയാണ്…”
സൗമ്യ എന്താ പറയണ്ടതെന്നറിയാതെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി…..
” അമ്മ അറിഞ്ഞോ ?”
” ഉം…… ആദ്യം അമ്മയോടാ പറഞ്ഞത് !! “
” എന്നിട്ട് അമ്മ എന്താ പറഞ്ഞത് ??”
” നിന്റെ കുഞ്ഞ് തന്നെയാണോ ഇതെന്ന് നിനക്കുറപ്പിക്കാമോ എന്ന്..ഞാൻ….ഞാനെന്താ വേണ്ടത് ?? ചേച്ചി പറ!!..”
” ആദി സത്യം പറയാലോ നീയിപ്പോ അവൾടെ വിശേഷ കാര്യം പറഞ്ഞപ്പോ അമ്മ ചോദിച്ചത് തന്നെയാ എന്റെയും മനസിൽ വന്നത്, അതിനാരെം കുറ്റം പറയാനൊക്കത്തില്ല ആദി… “
“അവളെന്റെ ഭാര്യയല്ലേ ചേച്ചി…. എനിക്കറിയില്ലേ കുഞ്ഞ് എന്റെയാണെന്ന്…”
“അതെ ഭാര്യ….. ഭാര്യ തന്നെ ഭർത്താവിനെ അന്യനാട്ടിൽ ജോലിയെടുക്കാൻ വിട്ട് പഴയ കാമുകനെ തെരഞ്ഞ് പിടിച്ച ഭാര്യ….”
” ചേച്ചീ…. പ്ലീസ് മതി ഇനി നിർത്തു… എല്ലാം മറന്നു തുടങ്ങിയതാ ഞങ്ങൾ, ജീവിതം ഒന്നുടെ ആരംഭിച്ചതാ… ഒരാള് കൂടി വരുന്നുണ്ടെന്ന് കേട്ടപ്പോ സന്തോഷിച്ച് ഓടിച്ചെന്നതാ അമ്മയുടെ അടുത്ത്, ഒരു ഭർത്താവ് കേൾക്കാൻ പാടില്ലാത്തതാ കേട്ടതും…. “
“ആദി നീ വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല ! ഇത്രയൊക്കെ നടന്നിട്ടും വീണ്ടും നീ അവളുടെ സാരിത്തുമ്പിലിങ്ങനെ…. സങ്കടം കൊണ്ടാടാ ചേച്ചിയും അമ്മയുമൊക്കെ…….”
“അതെ നിങ്ങൾക്ക് സങ്കടം തീരണമല്ലോ ലേ ? അത് കേൾക്കുന്ന എന്റെ അവസ്ഥ ആലോചിച്ച് നോക്കിയിട്ടുണ്ടോ രണ്ടാളും ?? എന്റെ ഉള്ള് മുറിയണതും ചോര വാർന്നൊലിക്കണതും അറിഞ്ഞിട്ടുണ്ടോ……??”
“ടാ മോനേ ഞങ്ങൾ…..”.
“ഞാനിറങ്ങാ ചേച്ചി…. “
സൗമ്യ ആദിത്യനെ സഹതാപവൂർവ്വം നോക്കി…. എന്നിട്ട് ഫോണെടുത്ത് അമ്മയെ വിളിച്ചു…..
“അമ്മേ സൗമ്യയാ…. ആദി വന്നിരുന്നു ഇങ്ങട് “
“ഓ ഭാര്യേടെ വിശേഷം പറയാനാവും…. ആട്ടി വിടാരുന്നില്ലേ…?”
“മതി അമ്മേ ഇനിയൊന്നും പറയാൻ നിക്കണ്ട…. മ്മടെ കുട്ടിയല്ലേ അവൻ ചങ്ക് പൊടിഞ്ഞാ ഇവിടന്ന് പോയത്… എനിക്കെന്തോ പാവം തോന്നി…. അവരായി അവരുടെ പാടായി നമ്മൾ ഇനിയൊന്നും പറയാൻ നിൽക്കണ്ട….. “
“വേണ്ടേ ടീ …..? ഞാനൊന്നും പറയണ്ടേ?? ന്റെ കുട്ടി… ന്റെ കുട്ടി….. അക്കരെ പോയി കഷ്ടപ്പെട്ട് അവൾക്കയച്ച പൈസ മുഴുവൻ കണ്ടവനുമൊത്ത് ധൂർത്തടിച്ചവളെ പിന്നെ ഞാൻ പൂവിട്ട് പൂജിക്കണോ?”
തേങ്ങിപ്പോയി സരസ്വതി അമ്മ ഇത്രയും പറഞ്ഞപ്പോഴേക്ക്….സൗമ്യ എന്താ പറയണ്ടതെന്ന് അറിയാതെ പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു.
ആദിത്യൻ നേരെ വീട്ടിലേക്ക് പോയി…
അഞ്ജന ആദിത്യനെ കണ്ടതും ജോലി നിർത്തി വേഗം അവന്റെ അടുത്തേക്ക് നടന്നു.
മച്ചിലൂടെ യുള്ള കോണിപ്പടികളിലൂടെ മുകളിലേക്ക് കയറിപ് പോകുന്നതിന്റെ ശബ്ദം അകലെ നിന്നേ അഞ്ജന കേട്ടു.. അവരുടെ മുറി മുകളിലാണ്..
ആദിയേട്ടന്റെ അമ്മ തന്നോട് മിണ്ടാറില്ല ….കുറ്റം പറയാനും പറ്റില്ല….താൻ കാണിച്ചത് ചതിയല്ലേ…? ആകെ കൂടി ഈ വീട്ടിൽ മിണ്ടാനുള്ളത് ആദിയേട്ടനാ അവൾ വേഗം മുകളിലേക്ക് കയറി…
ആദിത്യൻ കൈ നെറ്റിക്ക് കുറുകെ വച്ച് മലർന്ന് കിടക്കുന്നുണ്ട്….
“ആദിയേട്ടാ “
ഒരു പ്രതികരണവും കാണാഞ് അവൾ അടുത്ത് ചെന്നിരുന്നു.
മറ്റേ കൈയ്യിൽ മെല്ലെ പിടിച്ചു….ആദിത്യൻ കൈ കുടഞ്ഞെടുത്ത് അവളെ പിടിച്ചുന്തി..
“അല്ലെങ്കി തന്നെ അവരെ എങ്ങിനെ കുറ്റം പറയും….ഇത് ആരുടെ സന്തതിയാന്ന് വച്ചാ…. കുറേ പേര്ടെ കൂടെ ……. ഒന്നും പറയണില്ല ഞാൻ……”
ആദിത്യൻ ഇറങ്ങി പോയപ്പോൾ അഞ്ജന ബെഡിലേക്ക് തളർന്നിരുന്നു…അവൾ ചെവികൾ പൊത്തി, ആദിത്യന്റെ വാക്കുകൾ വീണ്ടും ആവർത്തിച്ച് കേൾക്കും പോലെ…..
അവൾ ഒരു ജീവൻ തുടിക്കുന്ന അവളുടെ വയറിൽ തലോടി…മിഴികൾ നിറഞ്ഞൊഴുകി……
എല്ലാം കേൾക്കാൻ താൻ ബാധ്യസ്ഥയാണ്…..
കോളേജിലെ പ്രണയം അറിഞ്ഞ വീട്ടുകാർ അന്വേഷിച്ച് കണ്ടെത്തിയ വരൻ,ദുബായിൽ ഗവൺമെന്റ് സർവ്വീസ് … ഒരു പെങ്ങൾ മാത്രം അച്ഛൻ നേരത്തെ മരിച്ചു അമ്മക്ക് തങ്കപ്പെട്ട സ്വഭാവം ……
ഒക്കെ ശരിയായിരുന്നു. അതിന്റെ ഒന്നും വിലയറിയാൻ ശ്രമിക്കാത്ത താനൊഴികെ…..
കോളേജിലെ ചോക്ലേറ്റ് പ്രണയമാണ് എല്ലാം എന്ന് കരുതി… അപ്പോൾ പറഞ്ഞ പഞ്ചാര വാക്കുകളാണ് ജീവിതം എന്നായിരുന്നു ധാരണ…
വിചാരിക്കാത്ത ഒരാളുടെ ഭാര്യയായി വന്നപ്പോൾ, അതും സമ്മതപ്രകാരമല്ലാതെ…
ശ്വാസം മുട്ടുന്ന പോലെയുള്ള ആദ്യ നാളുകൾ….എല്ലാതരത്തിലും ഭാര്യയാവാൻ താൻ കാണിച്ച വിമൂഖത ഒരു പത്തൊൻപതുകാരിയുടെ അപക്വത എന്നേ ഇവിടെ എല്ലാവരും എടുത്തുള്ളൂ…..
ആദിയേട്ടനും ഒന്നിന്നും തന്നെ നിർബ്ബന്ധിച്ചില്ല…..
പക്ഷെ ചില സന്ധർഭങ്ങളിൽ ഒരു രക്ഷാകർത്താവായി, ചീത്തത് അരുതെന്ന് പറഞ്ഞു. അത് പക്ഷെ എന്റെ സ്വാതന്ത്ര്യത്തെ ഹനിക്കലായി എനിക്ക് തോന്നി.
എന്റെ ഇഷ്ടം നടത്തി തരാതെ നല്ലതാന്ന് പറഞ്ഞ് തലയിൽ വച്ച് തന്ന ബന്ധമല്ലേ….? എല്ലാവരെയും പാഠം പഠിപ്പിക്കാനാണ് താൻ സ്വയം നിഷേധിയായത്….
വയസായ അമ്മായി അമ്മ ഒറ്റക്ക് കഷ്ടപ്പെടുന്നത് കണ്ടില്ലെന്ന് നടിച്ചു…മുറി വിട്ട് പുറത്തിറങ്ങിയില്ല…
” ആ പാവത്തെ ഒന്ന് പോയി സഹായിച്ചൂടെ “
എന്ന ആദി യേട്ടന്റെ വാക്കിന് വായിക്കുന്ന മാസിക വലിച്ചെറിഞ്ഞ് പ്രതികരണമറിയിച്ചു..
ഇത്തരത്തിലുള്ള പൊട്ടലും ചീറ്റലുകളുമായി ഒന്നര മാസം….
ഒരു പെണ്ണിനെ അറിയാനോ വിവാഹബന്ധം പൂർണ്ണതയിൽ എത്തിക്കാനോ അവസരം നൽകാതെ ആദിയേട്ടൻ പ്രവാസിയുടെ കുപ്പായമണിഞ്ഞു വീണ്ടും…
പോകാൻ നേരം തന്നെ നോക്കിയ നനവു പടർന്ന കണ്ണുകളിലെ പ്രണയവും വിരഹവും ഒന്നും താൻ കണ്ടില്ല…
“അമ്മ… എന്റെ അമ്മ പാവാട്ടോ അഞ്ജു…. ” എന്ന് പറഞ്ഞപ്പോഴേക്ക് നിയന്ത്രണം വിട്ടിരുന്നു ആ ദിയേട്ടന്..അതിനും താൻ നൽകിയ തണുപ്പുള്ള മൗനം…
അന്യദേശത്തെ എല്ലുമുറിയെ പണി എല്ലാം കഴിഞ്ഞ് രാത്രിയിൽ വിളിക്കുമ്പോൾ ഉറക്കം വരുന്നെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യുന്ന താൻ അക്കരെ പിടഞ്ഞ ഒരു ഹൃദയവും കാര്യമാക്കിയില്ല…..
ഒടുവിലെപ്പഴോ പഴയ പ്രണയനായകനെ വഴിയിൽ കണ്ടപ്പോൾ പരസ്പരം കൈമാറിയ ഫോൺ നമ്പറുകൾ …..
നഷ്ടപ്പെട്ട ജീവിതവർണ്ണങ്ങൾ തിരിച്ചെത്തിയെന്ന് കരുതി…ജീവിതം പങ്കു വക്കേണ്ടുന്നവനോട് കള്ളങ്ങൾ പറഞ്ഞ്, ഇഷ്ടക്കാരനൊത്ത് ഫോണിൽ മണിക്കൂറുകൾ ചിലവാക്കി ….
ചുറ്റുമുള്ള കണ്ണുകളെ ഭയപ്പെട്ടില്ല….
ഒരു നാൾ അവന്റെ ബൈക്കിൽ കയറിയത് ആദിയേട്ടന്റെ ചേച്ചി സൗമ്യയുടെ ഭർത്താവ് കണ്ടു…പ്രശ്നങ്ങളുടെ തുടക്കം അങ്ങിനെയായിരുന്നു.
ഹൃദയത്തിൽ സ്ഥാനം കൊടുത്തവനോട് പ്രശ്നമായത് പറഞ്ഞപ്പോൾ കിട്ടിയ മറുപടിയാണ് മൂഷിക സ്ത്രീയെ വീണ്ടും മൂഷിക സ്ത്രീ ആക്കിയത്..
ശാ രീരിക സുഖം എത്ര വേണമെങ്കിലും അവൻ തരാം… തന്നെ ഏറ്റെടുക്കാൻ വേറെ ആളെ നോക്കെന്ന്…
മരണം ആശിച്ച നാളുകൾ…..സ്വന്തം വീട്ടിൽ അവഗണനയും തല്ലും ശാപവാക്കുകളും…
ഒടുവിൽ വിദേശ വാസം വെടിഞ്ഞ് ആദിയേട്ടൻ നാട്ടിലെത്തി …..
എല്ലാം പറഞ്ഞ് പൊട്ടിത്തെറിച്ചു…. അവസാനം ആ മനസിലും ആ വീട്ടിലും ചെറിയ സ്ഥാനം തന്നു…..
ഒടുവിൽ എന്നോ എല്ലാം മറന്ന് ഒന്നായി.. അതിന്റെ ശേഷിപ്പാണ് വയറ്റിൽ …..
പക്ഷെ എല്ലാം സ്ലേറ്റിൽ എഴുതുംപോലെ മായ്ക്കാനാവില്ലല്ലോ നഖക്ഷതങ്ങൾ പോലെ അതങ്ങനെ കിടക്കും കുറേ കാലം അതു കൊണ്ട് സഹിക്കുന്നു ഒരു പ്രായശ്ചിത്തം പോലെ…..
മിന്നുന്നതൊക്കെ പൊന്നല്ല എന്ന തിരിച്ചറിവോടെ…