Special Report
ഇനി മണർകാട് കോളേജിൽ മീനാക്ഷിയുടെ കലാലയ ജീവിതം തുടങ്ങുന്നു.
നമ്മുടെ നിത്യ ജീവിതത്തിൽ സോഷ്യൽ മീഡിയക്കും വളരെ വലിയ പങ്കുണ്ട്, ജീവിതത്തിലെ ഓരോ വളവുതിരിവുകളും സന്തോഷത്തോടെ ഓർക്കാനായി സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്യുന്നവരാണ് നമ്മളിൽ ഏറെയും. കലാലയ ജീവിതം തുടങ്ങുന്ന ആദ്യ ദിവസത്തെ
ഓർമ്മയ്ക്കായി കരുതിവയ്ക്കുകയാണ് സിനിമാതാരവും അവതാരകയുമായ മീനാക്ഷി. കുറച്ചു ദിവസങ്ങൾക്കു മുൻപാണ് അച്ഛൻ അനൂപ് പഠിച്ച മണർകാട് സെന്റ് മേരീസ് കോളജിൽ ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദത്തിന് മീനാക്ഷി പ്രവേശനം നേടിയത്. അച്ഛനൊപ്പം എത്തിയാണ്
മീനാക്ഷി അഡ്മിഷൻ എടുത്തിരുന്നത്. രസകരമായ അടിക്കുറിപ്പോടു കൂടി പങ്കുവച്ച ആ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. മണർകാട് കോളജ് ഞാൻ ഇങ്ങെടുക്കുവാ’ എന്ന വരികൾ ചേർത്താണ് പ്രധാന അധ്യാപകന്റെ ഓഫീസിൽ നിന്നും പകർത്തിയ ചിത്രം
സോഷ്യൽ മീഡിയയിൽ മീനാക്ഷി പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘കോളജ് എടുത്തുകൊണ്ടു പോകരുതേ, ലേശം ബാക്കി വച്ചേക്കണേ’ , ‘എടുത്താൽ പൊങ്ങുമോ മീനുട്ടീ’ എന്നിങ്ങനെ നിരവധി കമന്റുകളുമായി ഒരുപാടുപേർ ‘മീനൂട്ടി’യുടെ സന്തോഷത്തിൽ പങ്കുചേർന്നു. ‘കോളജിൻ്റെ ആധാരം
ആണോ അധ്യാപകൻ തരുന്നത്’ എന്ന ചോദ്യത്തിന് ‘എന്റെ ആധാറിൻ്റെ കോപ്പിയാ. അങ്ങോട്ട് കൊടുക്കുവാ’ എന്നായിരുന്നു ആ കമന്റിന് മീനാക്ഷിയുടെ രസകരമായ മറുപടി. മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായ ‘ഒപ്പം’, നാദിർഷാ സംവിധാനം ചെയ്ത
‘അമർ, അക്ബർ, ആൻറണി’, ‘ജമ്നാപ്യാരി’, ‘ഒരു മുത്തശ്ശി ഗഥ’, ‘ആന, മയിൽ, ഒട്ടകം’ തുടങ്ങി നിരവധി സിനിമകളിൽ ബാലതാരമായി മീനാക്ഷി അഭിനയിച്ചിട്ടുണ്ട്. ‘ഒപ്പ’ത്തിലെ ‘നന്ദിനിക്കുട്ടി’യും ‘അമർ അക്ബർ ആന്റണി’യിലെ ‘ഫാത്തിമ’യും ഏറെ ശ്രദ്ധനേടി. ഫ്ലവേഴ്സ് ടോപ്
സിങ്ങർ അവതാരക എന്ന നിലയിലും മീനാക്ഷി കയ്യടി നേടിയിട്ടുണ്ട്. പാലാ പാദുവ സ്വദേശികളായ അനൂപിന്റെയും രമ്യയുടെയും മകളായ മീനാക്ഷി ളാക്കാട്ടൂർ എംജിഎംഎൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്ലസ് ടു പഠിച്ചത്. അനുനയ അനൂപ് എന്നാണ് മീനാക്ഷിയുടെ യഥാർഥ പേര്.