Connect with us

Special Report

ഒരു കുഞ്ഞുണ്ടായാൽ അതിനു ചിലവിനു കൊടുക്കണം എന്ന് കരുതിയല്ലേ കല്യാണം കഴിഞ്ഞു നാല് വർഷം ആയിട്ട് കൂടി…

Published

on

💔യാത്രാമൊഴി 💔

രചന: ആമ്പൽ സൂര്യ

“എന്ത് കഷ്ടമാ ഇത്…. ദേ ഒരു കാര്യം പറയാം നിങ്ങടെ ഏട്ടൻ ഒക്കെയാണ് എന്നെ ആരും ഭരിക്കാൻ വരണ്ട അല്ലെങ്കിൽ തന്നെ പത്തു പൈസക്ക് ഗുണം ഇല്ലാത്ത അങ്ങേർക്ക് കൂടി വച്ചു വിളമ്പി കൊടുക്കാൻ എനിക്കെന്താ ഭ്രാന്ത് ആണോ…”

“എന്റെ സുമേ നീയൊന്നു പയ്യെ പറ ഏട്ടൻ കേൾക്കും…”

“കേൾക്കട്ടെന്നെ…. വയ്യ… നാശം പിടിക്കാൻ….”

“സുമേ ഏട്ടന് ആരും ഇല്ലാത്തോണ്ടല്ലേ നമ്മൾ നോക്കുമെന്ന് കരുതിയല്ലേ ഏട്ടന്റെ വീതം കൂടി നമുക്ക് തന്നത്…..”

“ഓ വീതം അത് വേണേൽ അയാൾക്ക് അങ്ങ് ഞാൻ എഴുതി കൊടുക്കാം അല്ല പിന്നെ….പിന്നെ ആരും ഇല്ല പോലും…ഉണ്ടാരുന്നേ അല്ലേ…. കൊണ്ട് കളഞ്ഞതല്ലേ….. ഓ അമ്മ കാണിച്ചു കൊടുത്ത വഴിയേ പോയപ്പോൾ ഭാര്യയും കുഞ്ഞും ഒക്കെ അങ്ങേർക്ക് അധിക പറ്റ് ആയി പോയി… ഞാൻ ഒന്നേ പറയൂ ആ പെണ്ണും കൊച്ചും രക്ഷപെട്ടു അത്ര തന്നെ…ഇവിടെ നിങ്ങടെ അച്ഛന്റെയും അമ്മയുടെയും ഇടയിൽ കിടന്നു ഞാൻ ഒരുപാട് നരകിച്ചതാ…വെറും രണ്ടു കൊല്ലം ആയതേയുള്ളു സമാധാനമായി ജീവിക്കാൻ തുടങ്ങിട്ട്.
ഇനി അങ്ങേരെ കൂടി നോക്കണമല്ലോ എന്റെ ഒരു വിധി അല്ലാതെന്താ….പത്തിരുപത്തിമൂന്നു കൊല്ലം ആയില്ലേ അവര് പോയിട്ട് വേറെ കെട്ടി സന്തോഷമായി ജീവിക്കുന്നുണ്ടാകും…..”

വാതിലിന്റെ മറവിൽ നിന്നും കേൾക്കുന്ന രണ്ടു കണ്ണുകൾ നിറഞ്ഞു തുളുമ്പി….

“എന്തിനാ താൻ ഇങ്ങനെ ആട്ടും തുപ്പും സഹിക്കുന്നത്….വേണം തനിക്കു ഇത് കിട്ടണം സ്വന്തം ഭാര്യെ ഉപേക്ഷിക്കാൻ കാട്ടിയ വീര്യം പിന്നീടുള്ള ജീവിതത്തിൽ കാണിച്ചിട്ടില്ല….അമ്മ അച്ഛൻ സഹോദരങ്ങൾ അവരായിരുന്നില്ലേ തന്റെ ജീവിതം. അവർക്കു വേണ്ടി എന്റെ എല്ലാ സന്തോഷവും വേണ്ടാന്നു വെച്ചു….ഒരു കുഞ്ഞുണ്ടായാൽ അതിനു ചിലവിനു കൊടുക്കണം എന്ന് കരുതിയല്ലേ കല്യാണം കഴിഞ്ഞു നാല് വർഷം ആയിട്ട് കൂടി അവളോട് ഇപ്പോൾ വേണ്ടാ… വേണ്ടാന്ന് പറഞ്ഞിരുന്നത്….ഒടുവിൽ….”

ഓർമ്മകൾ പല വഴി സഞ്ചരിച്ചു………

“വിഷ്ണുവേട്ട…..”

“എന്താ പെണ്ണെ…..”

“എന്നെ ഇഷ്ടമാണോ…”

“അതെന്താ നിനക്കിപ്പോൾ അങ്ങനെ തോന്നാൻ….”

“അല്ല കല്യാണം കഴിഞ്ഞു ഇപ്പോൾ നാല് വർഷം ആയില്ലേ നാട്ടിൽ ഒക്കെ ചെല്ലുമ്പോൾ തറവാട്ടിൽ ഉള്ളൊരു ചോദിക്കുന്നു വിശേഷം ഒന്നും ആയില്ലേ എന്ന്…”

“അഞ്ചുട്ടി ഞാൻ പറഞ്ഞിട്ടില്ലേ കുറച്ചു കഴിഞ്ഞു മതി നമുക്ക് മക്കൾ… ഇപ്പോൾ ദേ…. ഇങ്ങനെ… ഇങ്ങനെ പ്രണയിച്ചു നടക്കാം…..”

അവളിലേക്ക് പുതപ്പിട്ടവൻ ചാഞ്ഞു….

“വിഷ്ണുവേട്ട…..എപ്പോഴാ വരുന്നേ ഓഫീസിന്നു… എഹ് നിക്കൊരു കാര്യം പറയാൻ ഉണ്ടാരുന്നു…”

ഓഫീസിൽ നിന്നും വന്ന ഉടനെ വിഷ്ണു മുറിയിലേക്ക് ചെന്നു…ജനൽ പാളിയിൽ കൂടി നോക്കി നിൽക്കുന്നവളെ ഇടുപ്പിലൂടെ ചേർത്ത് പിടിച്ചു…

“വി… വിഷ്ണുവേ…. ട്ടാ…..”

മുഴുമിപ്പിക്കുന്നതിനു മുൻപ് തന്നെ അവളുടെ അധരങ്ങളുമായി കൊരുത്തു…..ശ്വാസം വിലങ്ങിയപ്പോൾ അവൾ അവനെ ഉന്തി മാറ്റി…

“എന്താ പെണ്ണെ….” വീണ്ടുമവൻ അവളിലേക്ക് ആഞ്ഞു….

“ഏട്ടാ ഒരു കാര്യം പറയാൻ….”

“വേണ്ടാ… പിന്നേ പറയാം പെണ്ണെ…”

“ഇല്ല…. ഇല്ല കേൾക്കണം….”

“ഓ… എന്നാ പറ….”

“ദേ…. ഇവിടെ ഒരാൾ വരാൻ പോകുവാ….” അവന്റെ കൈ അവളുടെ ഉദരത്തിൽ എടുത്ത് വച്ചു….തന്നെ കെട്ടിപ്പിടിച്ചു ചുംബനം കൊണ്ട് മൂടുമെന്ന് കരുതിയവൻ പെട്ടെന്ന് കൈ പിൻവലിച്ചു കൊണ്ട് ജനലിന്റെ അടുത്തേക്ക് നടന്നു…

“എന്താ ഏട്ടാ…”

“നമുക്കിത് വേണോ മോളേ എഹ്…”

“എന്താ ഏട്ടാ… നമ്മുടെ കുഞ്ഞല്ലേ നമുക്കും വേണ്ടേ സന്തോഷിക്കാൻ ഒരാൾ നമ്മുടെ പ്രണയത്തിന്റെ അടയാളം….”

അവൾ അവന്റെ തോളിൽ ചാരി നിന്നു….പിന്നെ അവനൊന്നും മിണ്ടിയില്ല…പിന്നീടുള്ള ദിവസങ്ങളിലും വിഷ്ണു അഞ്ജലിയോട് അകന്നു തന്നെ ഇരുന്നു തൊട്ടതിനും പിടിച്ചതിനുമെല്ലാം കുറ്റവും കുറവും….വൈകാതെ തന്നെ ബന്ധം പിരിയണം എന്നവൻ ആവശ്യപ്പെട്ടു…അവളുടെ കണ്ണുനീരിനെ പോലും മാനിച്ചില്ല…നാട്ടിലേക്ക് വന്നപ്പോൾ അവളെ അവളുടെ വീട്ടിൽ കൊണ്ട് വിട്ടു….

“വിഷ്ണു….ആരാടാ ഇതിന്റെ ഉത്തരവാദി….”

“എനിക്കറിയില്ല അച്ഛാ…..അപ്പോൾ നീ പറഞ്ഞു വരുന്നത്….. നിന്റെ തീരുമാനം…..”

“കണ്ടവന്റെ വിഴുപ്പ് ചുമന്നു നടക്കുന്നവളെ ഇനി എനിക്ക് വേണ്ടാ….ആരുടെ ആണെന്നോ എങ്ങനെ ഉണ്ടായതാന്നോ ഒന്നും അറിയില്ല….”

“മോനേ വിഷ്ണു…..”

“ചന്ദ്രൻ കേട്ടല്ലോ ഞങ്ങളുടെ മോന്റെ തീരുമാനം…. അത് കൊണ്ട് നിങ്ങൾക്ക് കൊണ്ട് പോകാം ഈ നശൂലത്തിനെ. ഇനി ഈ തെക്കേലെ പടി ചവിട്ടി പോയേക്കരുത് ഉറഞ്ഞു തുള്ളിക്കൊണ്ട് കുമാർ അകത്തേക്ക് കടന്നു പോയി….”

എല്ലാം കേട്ട്…. കരയാൻ തനിക്കിനി കണ്ണുനീർ പോലും സ്വന്തമായി ഇല്ല എന്നോർത്തു… തന്റെ വിധിയെ പഴിച്ചു കൊണ്ടാ പെണ്ണ് വീണ്ടും അവന്റെ അടുത്തേക്ക് ചെന്നു….

“വി…. വിഷ്ണുവേട്ട….. എന്നെ….. എന്നെ ഉപേക്ഷിക്കല്ലേ……നിക്കാരുമില്ല….പറഞ്ഞു വിടല്ലേ ഏട്ടാ….”

“ഛീ…. മാറേടി അങ്ങോട്ട് കണ്ടവന്റെ കൂടൊക്കെ കിടന്നു കൊടുത്ത് വയറ്റിൽ ഉണ്ടാക്കിയതും പോരാ എന്റെ മുന്നിൽ കിടന്നു നീ നല്ല പിള്ള ചമയുന്നോ….”

“ഇല്ല ഏട്ടാ… ഞാൻ… ഞാനങ്ങനൊന്നും….അച്ഛാ… ഒന്ന് പറ അച്ഛാ…. എന്നെ വേണ്ടാന്ന് വെക്കരുതെന്നു……” ആ വയസൻറെ കാലിൽ പിടിച്ചു പറഞ്ഞു….

“എഴുന്നേൽക്ക് മോളേ…എന്തിനാ…. എന്തിനാ നീ ഇങ്ങനെ അവനോട് താഴുന്നത് എഹ് നിന്നെ വേണ്ടാത്ത ഒരാളെ എന്തിനാ എന്റെ കുട്ടിക്ക്….വേണ്ടാ… എന്റെ മോള് വാ…ഈ അച്ഛന് ഒരിക്കലും നീ ശല്യം ആവില്ല…വാ… എന്റെ കുട്ടി….
കരയരുത്….”

അവളെ താങ്ങി പിടിച്ചു കൊണ്ട് തെക്കേലെ പടി കടന്നു പോകുമ്പോൾ ഇനി ഈ വിഷ്ണുവിന്റെ ജീവിതത്തിൽ അഞ്‌ജലിക്ക് ഒരു സ്ഥാനവും ഇല്ലന്ന് മനസ്സിൽ ഉറപ്പിച്ചു…….

അന്നിറങ്ങി പോയതാ അവൾ….ഇരുപത്തി മൂന്നു കൊല്ലം കഴിഞ്ഞു…പിന്നെ കണ്ടിട്ടില്ല…. കാണാൻ ശ്രമിച്ചിട്ടുമില്ല… തിരക്കിട്ടുമില്ല സ്വന്തം രക്തത്തെ തള്ളി പറഞ്ഞ മഹാപാപി അതല്ലേ താൻ…. ഏത് ഗംഗയിൽ മുങ്ങിയാലാ തനിക്ക് മോക്ഷം കിട്ടുന്നത്…..

നിങ്… നിങ്…..”വിഷ്ണു ദേവൻ അല്ലേ…”

“അതെ ഒരു ലെറ്റർ ഉണ്ട്…കുറച്ചു ദിവസമായി വന്നിട്ട് പക്ഷെ ആളിവിടെ ഇല്ലന്ന് പറഞ്ഞു വിട്ടു ഇവിടുത്തെ ചേച്ചി…” അയാൾ അതും പറഞ്ഞു ലെറ്റർ കൈയിൽ കൊടുത്തു രജിസ്റ്റർഡ് ആണേ ദേ ഇവിടൊന്നു ഒപ്പിടണം.

ആ ലെറ്റർ എടുത്ത് നോക്കി…. ഫ്രം കണ്ടപ്പോൾ ഹൃദയം തുടി കൊട്ടാൻ തുടങ്ങി…കണ്ണുകൾ നിറഞ്ഞു വന്നു….

“അഞ്ജലി…….” പയ്യെ കത്ത് തുറന്നു നോക്കി…ഒത്തിരി വാക്കുകൾ ഒന്നും തന്നെ ഉണ്ടാരുന്നില്ല…പഴയ ദേഷ്യം മാറി എങ്കിൽ ഇപ്പോഴും എവിടെയെന്ക്കിലും താനുണ്ടെങ്കിൽ ഒന്ന് കാണാൻ വരുമോ എന്ന്….മനസ്സിൽ കൊഴിഞ്ഞു പോയ മരച്ചില്ലകൾ പുഷ്പിച്ചത് പോലെ… വരണ്ടു കിടന്ന ഉള്ളം ഇന്ന് അവൾക്കായ് തുടി കൊട്ടുന്നു…. പോണം…. തിരികെ കൊണ്ട് വരണം….എല്ലാ പിണക്കവും മാറ്റി സ്നേഹിക്കണം….എന്റെ ചോരയെ കാണണം എനിക്ക്….അയാൾ അകത്തേക്ക് ഓടി പോയി…കൈയിൽ കിട്ടിയതെന്തൊക്കെയോ എടുത്തു…ഇറങ്ങി…

“ഒന്ന് നിന്നെ…പോകുന്നതൊക്കെ കൊള്ളാം…ഭാര്യയെയും കൊച്ചിനെയും വേറെ എവിടേലും കൊണ്ട് പൊക്കോണം. ഇങ്ങോട്ടേക്ക് വന്നേക്കരുത്….”

ഒന്നും മിണ്ടിയില്ല…. എന്തിനാ മിണ്ടുന്നതു ഇനി ഇവിടെക്കില്ല…ഇനി ഇങ്ങോട്ടേക്ക് ഒരു മടക്കമില്ല… എന്നെ ആട്ടിയോടിച്ചാൽ പോലും സഹിക്കും ഒരു വേലാകാരനെ പോലെ ആ നിഴൽ പറ്റി കഴിയും അതിനു പോലും എനിക്ക് യോഗ്യതയില്ല….മനസ്സിൽ എന്തൊക്കെയോ ചിന്തകൾ….ബസിൽ ഇരുന്നപ്പോഴും മനസ്സ് അഞ്ജലി എന്നാ ഇരുപത്തിയാറുകാരിയിൽ ആയിരുന്നു…

തൃശൂർ ഒരു കമ്പനിയിൽ പർച്ചസ് മാനേജർ ആയി ജോലി കിട്ടിയ സമയം…മുപ്പത് തികഞ്ഞിട്ടും കല്യാണം ഒന്നും ആയില്ല വീട്ടിൽ ആർക്കും അതിനു താല്പര്യവും ഇല്ലാരുന്നു. തനിക്ക് മാത്രമാരുന്നെല്ലോ അന്നു ജോലി…. ഒരാളുടെ വരുമാനം കൊണ്ട് അച്ഛൻ അമ്മ അനിയത്തി അനിയൻ മുത്തശ്ശൻ പിന്നെ ചെറിയച്ഛൻ ചെറിയമ്മാ അവരുടെ മക്കൾ എല്ലാരും കഴിയാൻ…പ്രാരാബ്ധങ്ങൾ കൂടിയപ്പോൾ മകന് ഒരു ജീവിതം വേണമെന്നാരും ഓർത്തില്ല…ഒടുവിൽ പെങ്ങൾക്ക് കല്യാണ ആലോചന വന്നപ്പോൾ സ്ത്രീ ധനം ഒരു വിഷയമായി വന്നു. അപ്പോഴാണ് മൂത്ത മകനെ കെട്ടിച്ചാൽ അവന് കിട്ടുന്ന സ്ത്രീ ധനം കൊണ്ട് പെങ്ങളെ ഇറക്കി വിടാം എന്ന് വീട്ടിൽ സംസാരം വന്നത്…അതിന്റെ പേരിൽ രണ്ടു പെണ്ണിനെ പോയി കണ്ടു….മൂന്നാമത്തെ ആയിരുന്നു അഞ്ജലി….ഒരു സാധു നാട്ടിൻപുറത്തുകാരി….കല്യാണത്തിന് മുൻപ് മിണ്ടിട്ട് കൂടിയില്ല….പക്ഷെ പാവം എനിക്ക് വേണ്ടി എല്ലാം സഹിക്കുമാരുന്നു…അമ്മയ്ക്കും അച്ഛനും അവളെ ജോലി സ്ഥലത്തേക്ക് കൊണ്ട് പോകുന്നതിനോട് വിയോജിപ്പരുന്നു കാരണം അത്രെയും ശമ്പളം കുറച്ചെല്ലേ കിട്ടു അത് കൊണ്ട്..അവളായി ഒന്നും ആവശ്യ പെടാറില്ലാരുന്നു….ഒരു പുതിയ തുണി പോലും പാവത്തിന് വാങ്ങി കൊടുത്തിട്ടില്ല…എന്റെ ആഗ്രഹങ്ങൾ ശമിപ്പിക്കുവാൻ ഒരു പാവ അതായിരുന്നു അവൾ എനിക്ക്…ഇടക്ക് അവൻ കണ്ണുകൾ തുടക്കുന്നുണ്ട്…..ഒടുവിൽ അമ്മയുടെയും അച്ഛന്റെയും ആത്‍മഹത്യ ഭീക്ഷണി… അതിനു മുന്നിൽ സ്വന്തം പാതിയായവളെയും അവളിൽ ഉണ്ടായ എന്റെ ജീവനെയും തള്ളി പറയേണ്ടി വന്നു…ജീവിക്കാൻ പോലും തനിക്ക് അർഹതയില്ല….എന്തൊക്കെയൊ ഓർത്തു കണ്ണൊന്നടഞ്ഞു പോയി….

പോസ്റ്റ്‌ ഓഫീസ് മുക്ക്…. കണ്ടക്ടർ പറയുന്നത് കേട്ട് ചാടി എഴുന്നേറ്റു..മണ്ണ് പാകിയ ഒറ്റയടി പാതയാണ്… വികസനം ഇന്നും ഇവിടെ വിദൂരമാണ്….ഇവിടുത്തെ വെല്യ തറവാട്ടുകാരാണ് മെമ്പ്രത്തുക്കാർ….അവിടുത്തെ പെൺകുട്ടിയാണ് അഞ്ജലി…..തറവാട്ടിലോട്ട് പോകുന്ന വഴി രണ്ടു വശവും നല്ല നെല്ല് വിളഞ്ഞു കിടക്കുവാണ്….ദൂരേന്നെ പടിപ്പുര കണ്ടു…ഹൃദയം തുടിക്കുന്നു…..എന്റെ അഞ്ജു…. എന്റെ കുഞ്ഞു….ഇപ്പോൾ ഇരുപത്തിരണ്ട് വയസായി കാണും ദേഷ്യം കാണും എന്നോട് എന്നാലും സാരല്യ… അവൾ വിളിച്ചിട്ടല്ലേ പോകുന്നെ…..പടിപ്പുര കടന്നു ചെന്നപ്പോൾ അവിടിവിടെയായി ആൾകാര് കൂടി നിൽക്കുന്നു….അങ്ങോട്ടും ഇങ്ങോട്ടും എന്തൊക്കെയോ പറയുന്നു….

നടന്നു ഉമ്മറ പടിയിലേക്ക് കേറിയപ്പോൾ ആണ്….വെട്ടിയിട്ട വാഴയിലയിൽ വെള്ളതുണി പുതച്ചു കിടക്കുന്നവളെ കണ്ടത്….കാലിന്റെ തള്ള വിരൽ രണ്ടും കൂട്ടി കേട്ടിട്ടുണ്ട്….ഉണങ്ങി അസ്ഥിപഞ്ജരം ആയി…..കണ്ണെല്ലാം കുഴിഞ്ഞു….മുടിയിൽ അങ്ങിങ് നര വീണു തുടങ്ങി….നെറ്റിയിൽ വലിയൊരു വട്ട പൊട്ടും സിന്ദൂരവും…. കണ്ടാൽ ഉറങ്ങുവാന്നെ തോന്നു….കാഴ്ചകൾ മങ്ങുന്നത് പോലെ തോന്നി…പുറകിലേക്ക് വീഴാൻ തുടങ്ങിയപ്പോള്ഴേക്കും ഒരു തൂണിൽ ചാരി നിന്നു…കത്തിച്ചു വെച്ച സാമ്പ്രാണി തിരിയുടെ മണം അന്തരീക്ഷം മുഴുവൻ കൂടെ ആരൊക്കെയോ ഇരുന്നു വായിക്കുന്നുണ്ട്….നിലത്തു പിടഞ്ഞിരുന്നു….ആരോ അവളുടെ നെഞ്ചിൽ തല വെച്ചു കിടപ്പുണ്ട്…

മോള്….. എന്റെ മോള്….മാപ്പ് ചോദിക്കാനുള്ള അർഹത പോലും തനിക്കില്ല…ആ കാലിൽ വീണു…ആർത്തലച്ചു കരഞ്ഞു….ആരൊക്കെയോ ചേർന്നു താങ്ങി പിടിച്ചു ഒരു കസേരയിൽ ഇരുത്തി….അന്ത്യകർമ്മങ്ങൾ എല്ലാം അരുണിന്റെ മക്കളാണ് ചെയ്തത്…അഞ്ജലിയുടെ ആങ്ങളയുടെ മക്കൾ…ചിതക്ക് തീ കൊളുത്തിയപ്പോൾ അലമുറയിട്ട് കരയുന്ന മോളേ കണ്ടു നെഞ്ച് പൊട്ടി പോയി…അവളുടെ അടുത്തേക്ക് ചെന്നു… തോളിൽ കൈവെച്ചു….പെട്ടെന്നവൾ പൂണ്ടടങ്കം കെട്ടി പിടിച്ചു…

“മോളേ…. അച്ചന്റെ പൊന്നു മോളേ….”തന്നെ നോക്കി അവൾ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ട്…പക്ഷെ ശബ്ദം പുരത്തേക്ക് വരുന്നില്ല….

“കുട്ടി സംസാരിക്കില്ല ഊമയാണ്….”

ആരോ അടുത്ത് വന്നു പറഞ്ഞു.പക്ഷെ അവൾ അവളുടെ ഭാഷയിൽ തന്നോട് എന്തൊക്കെയോ പറയാൻ നോക്കുന്നുണ്ട് നീറി പോയി…വീണ്ടും വീണ്ടും മോളേ നെഞ്ചോട് ചേർത്ത് പിടിച്ചു…തറവാട്ടിലേക്ക് നടന്നു….വൈകുന്നേരം ആയപ്പോഴേക്കും എല്ലാരും പിരിഞ്ഞു പോയി..അപ്പോഴും തെക്കേ തൊടിയിൽ അവളുടെ ചിത എരിയുന്നുണ്ടാരുന്നു….

“ക്യാൻസർ ആയിരുന്നു…”അരുൺ അടുത്ത് വന്നിരുന്നു കൊണ്ട് പറഞ്ഞു….കുറെ വേദന സഹിച്ചു.,ഒടുവിൽ മരിക്കുന്നതിന് മുൻപ് ഏട്ടനെ കാണണം എന്നാ ആഗ്രഹം പറഞ്ഞു….അതും നടന്നില്ല…..അവൻ നിറ കണ്ണുകളോടെ തെക്കേ തൊടിയിലേക്ക് നോക്കി…..

തോളിൽ ഒരു നനുത്ത സ്പർശം ഏറ്റപ്പോൾ ആണ് സ്വബോധത്തിലേക്ക് വന്നത്..ചിരിയോടെ നിൽക്കുന്ന മോളെയാണ് കണ്ടത്…

“മോൾക്ക് എന്നെ അറിയോ…. “

കരച്ചിൽ അടക്കി പിടിച്ചാണ് ചോദിച്ചത്…തലയാട്ടി കാണിച്ചു…കൈ കൊണ്ട് എന്തൊക്കെയോ പറയുന്നുണ്ട്…ആരുടേയും സഹായം ഇല്ലാതെ തന്നെ…താൻ അവളുടെ അച്ഛൻ ആണെന്ന് അവൾ പറഞ്ഞത് അവന് മനസ്സിലായി….രക്തം രക്തത്തെ തിരിച്ചറിഞ്ഞ നിമിഷം…ആ മുഖം മുഴുവനും ഒരച്ഛന്റെ വാത്സല്യത്തോടെ മുത്തി……അവൾ എന്തോ കൈ കൊണ്ട് കാണിച്ചു അകത്തേക്ക് ഓടി പോയി…പെട്ടെന്നൊരു ഡയറി എടുത്ത് കൊണ്ട് വന്നു…തുറന്നു നോക്കിയപ്പോൾ കണ്ടു…. അഞ്ജലി തന്നോട് പറയാൻ ബാക്കി വച്ചിരുന്ന കാര്യങ്ങൾ….അവസാനം ഇങ്ങനെ എഴുതിയിരിക്കുന്നു…അവളെ…അച്ചന്റെ കൈകളിൽ സുരക്ഷിതമായി ഏല്പിച്ചു യാത്ര ചോദിച്ചു പോകണം എന്നുണ്ടാരുന്നു എന്ന്….പക്ഷേ യാത്രമൊഴി ചൊല്ലാൻ പോലും തന്നെ കാർന്നു തിന്നുന്ന രോഗം സമ്മതിക്കുന്നില്ല……

ഇവിടെ ചോദിക്കുന്നു…..ഇനിയൊരു കാത്തിരുപ്പില്ല വിഷ്ണുവേട്ട…ഞാൻ പറന്നു പോകുവാണ്….ഒരിക്കൽ പോലും തിരിച്ചു വരാനാകാത്ത ലോകത്തേക്ക്….അറിയാം ഏട്ടന്റെ സാഹചര്യം ആണ് നമ്മുടെ ഇടയിലെ വില്ലൻ എന്ന്…ഒരിക്കലും വെറുപ്പില്ല പ്രണയം മാത്രം….നമ്മുടെ രേവതി മോളൊരു പാവമാ സ്നേഹിക്കാൻ മാത്രം അറിയാവുന്ന മിണ്ടാപ്രാണി…. എനിക്ക് കിട്ടാതെ പോയ മുഴുവൻ സ്നേഹവും അവൾക്ക്‌ നൽകണേ…..

“പ്രിയ നിനക്ക് തരുവാൻ വാക്കുകൾ കൊണ്ടൊരു യാത്രമൊഴി എനിക്കില്ല…ഇനിയും ജന്മങ്ങളിൽ ഞാൻ നിനക്കായ്‌ പിറക്കാം…നരി ആയോ…. നരനായോ…..പൂവായോ… പുഴുവായോ….. മേഘമായോ… കടലായോ……കാറ്റായോ… മഴയായോ…..പ്രണയത്തിന്റെ പുതിയ ഭാവങ്ങൾ അന്നു നമ്മൾ എഴുതി ചേർക്കും വരെ യാത്രയാകുന്നു ഞാൻ……”

ആ ഡയറി അടച്ചു വെക്കുമ്പോൾ മനസ്സിൽ എന്തൊക്കെയോ ഉറപ്പിച്ചിരുന്നു….

ഒറ്റയടി പാതയിലൂടെ മോളുടെ കയ്യും പിടിച്ചു നടക്കുമ്പോൾ…..രണ്ടു ജീവിതങ്ങൾ അവിടെ തുടങ്ങി…….ഇനിയും പ്രണയം ബാക്കി വെച്ചു പോയ ഒരാത്മാവിന് വേണ്ടി…….

ശുഭം

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company