കലാഭവന്‍ മണിയെ അപമാനിച്ച സംഭവത്തെ ‘ കുറിച്ച് ദിവ്യ ഉണ്ണി…. ഞാന്‍ ആത്മാവിനോട് ഉള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടാണ് പറയുന്നത്, സത്യാവസ്ഥ എന്താണെന്ന് എനിക്ക് അറിയാം;

in Special Report

മലയാളികളുടെ പ്രിയ നടിമാരില്‍ ഒരാളാണ് ദിവ്യ ഉണ്ണി. മികച്ച ഒരുപിടി നല്ല ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ നായികമാരുടെ കൂട്ടത്തിലേയ്ക്ക് എത്തിപ്പെടാന്‍ താരത്തിനായി. ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് മുന്‍ നിര നായികമാരില്‍ ഒരാളായി മാറിയ നടിയാണ് ദിവ്യ ഉണ്ണി. നീയെത്ര ധന്യയെന്ന ചിത്രത്തിലൂടെയാണ് ദിവ്യ ശ്രദ്ധിക്കപ്പെടുന്നത്. തുടര്‍ന്ന് നിരവധി ചിത്രങ്ങളാണ് താരത്തിന് ലഭിച്ചത്.

വിവാഹശേഷം സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ദിവ്യ നൃത്ത സ്‌കൂള്‍ നടത്തുകയാണ് ഇപ്പോള്‍. സിനിമയില്‍ നിന്നുമെല്ലാം മാറി നിന്നുവെങ്കിലും ഇപ്പോഴും മലയാളിക്ക് ദിവ്യ ഉണ്ണിയോടുള്ള സ്‌നേഹത്തിന് കുറവൊന്നുമില്ല. ആദ്യ വിവാഹത്തിന് ശേഷം വിദേശത്തേക്ക് പോയ ദിവ്യ ഉണ്ണി ഏറെക്കാലം പൊതുജനങ്ങളില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിവ്യ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം തന്നെ വൈറലാകാറുണ്ട്.

ഇപ്പോഴിതാ തന്റെ പേരില്‍ ഉയര്‍ന്ന് വന്ന ഏറ്റവും വലിയൊരു ആരോപണത്തിന് മറുപടിയുമായി വന്നിരിക്കുകയാണ് നടി. യുഎഇ ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് നടന്‍ കലാഭവന്‍ മണിയെ അപമാനിച്ചുവെന്ന വിഷയത്തില്‍ ദിവ്യ ഉണ്ണി വ്യക്തത വരുത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന സംഭവമാണെങ്കിലും ഇപ്പോഴും വാര്‍ത്തകളില്‍ നിറയുന്ന സംഭവമായിരുന്നു ഇത്.

വിനയന്റെ സംവിധാനത്തില്‍ പിറന്ന ചിത്രമാണ് കല്യാണസൗഗന്ധികം. ഈ ചിത്രത്തിലൂടെയാണ് ദിവ്യ ഉണ്ണി നായികയായി അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ ദിവ്യയുടെ മുറചെക്കനായിട്ടാണ് കലാഭവന്‍ മണി അഭിനയിച്ചത്. ഒരു പാട്ട് രംഗത്തില്‍ ഇരുവരും പ്രണയിക്കുന്നതായി കാണിക്കുന്നുണ്ട്. എന്നാല്‍ ഗാന രംഗം ചിത്രീകരിക്കുന്ന സമയത്ത് ‘ഈ കറുമ്പന്റെ കൂടെ അഭിനയിക്കാന്‍ ഞാനില്ലെന്ന്’ നടി പറഞ്ഞതായും അങ്ങനെ ആ പാട്ട് സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നുമാണ് അന്ന് പ്രചരിച്ച റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്.

ഇടയ്ക്കിടെ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ച് തുടങ്ങിയതോടെ ദിവ്യ ഉണ്ണിയ്ക്ക് നേരെ വ്യാപക വിമര്‍ശനവും ഉയര്‍ന്ന് വന്നു. ‘സത്യത്തില്‍ അതിനെക്കുറിച്ച് എനിക്കൊന്നും അറിയില്ലെന്നാണ് നടി പറയുന്നത്. അതുകൊണ്ട് തന്നെ ഞാന്‍ അതിനെക്കുറിച്ചൊന്നും സംസാരിക്കുന്നില്ല. കാരണം പ്രധാനമായും ഈ കമന്റുകള്‍ കൊണ്ട് തന്നെയാണ്. നമ്മള്‍ എന്തൊക്കെ പറഞ്ഞാലും അത് വെറും ഒരു ജസ്റ്റിഫിക്കേഷന്‍ പോലെ ആകും.

നമ്മള്‍ നമ്മളുടെ ഭാഗം പറയുന്ന പോലെ തോന്നും. അതുകൊണ്ടുതന്നെ ഞാന്‍ അതിനു മറുപടി പറയാന്‍ ആഗ്രഹിക്കുന്നില്ല. മണിച്ചേട്ടന്‍ പോയില്ലേ. അദ്ദേഹവുമായുള്ള ബന്ധം എന്നു പറയുന്നത് എത്രയോ നാളത്തെ ബന്ധം ആയിരുന്നു. ആദ്യത്തെ സിനിമ മുതല്‍ എത്രയോ സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ചു ചെയ്തതാണ്. അതിനെക്കുറിച്ചൊന്നും ഞാന്‍ പറയുന്നില്ല.

ഞാന്‍ ആത്മാവിനോട് ഉള്ള ബഹുമാനം നിലനിര്‍ത്തിക്കൊണ്ടാണ് പറയുന്നത്. സത്യാവസ്ഥ എന്താണെന്ന് എനിക്ക് അറിയാം. ഇതിനുള്ള മറുപടി അവര്‍ അര്‍ഹിക്കുന്നില്ലെന്ന് തോന്നുന്നു. മറുപടിയും നമ്മുടെ സമയവും അവര്‍ അര്‍ഹിക്കുന്നില്ല. മാത്രമല്ല ഇത്തരം നെഗറ്റീവ് കമന്റുകള്‍ ഞാന്‍ ഒരിക്കലും നോക്കാറില്ലെന്നും,’ അഭിമുഖത്തില്‍ ദിവ്യ ഉണ്ണി പറയുന്നു.

‘കല്യാണ സൗഗന്ധികം എന്ന ചിത്രത്തിലാണ് ആദ്യമായി നായികയായി അഭിനയിക്കുന്നത്. ആ സമയത്ത് ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു. യൂണിറ്റ് ടെസ്റ്റ് ഒക്കെ നടക്കുന്ന സമയത്താണ് ഈ സിനിമയുടെ ഷൂട്ടിങും നടന്നിരുന്നത്. അമ്മ ടീച്ചര്‍ ആയത് കൊണ്ട് സെറ്റിലിരുന്നും പഠിക്കാന്‍ നിര്‍ബന്ധിക്കും. രാവിലെ പോയി പരീക്ഷ എഴുതിയതിന് ശേഷമാണ് സെറ്റിലേക്ക് എത്തുതെന്നും,’ നടി ഓര്‍മ്മിക്കുന്നു.

അതേ സമയം തന്റെ അച്ഛന്റെ വിയോഗത്തെ പറ്റിയും നടി സംസാരിച്ചിരിക്കുകയാണ്. ‘അന്ന് രാവിലെയും സംസാരിച്ച ആള് ഇനി മുതല്‍ കൂടെ ഇല്ലെന്ന് അറിയുന്നത് വളരെ ഷോക്ക് ആയിരുന്നു. അച്ഛന് കുടുംബം ആയിരുന്നു എല്ലാം, മക്കള്‍ ഭാര്യ, സഹോദരങ്ങള്‍ അങ്ങനെയാണ് ജീവിച്ചിരുന്നത്. അങ്ങനെ ഉള്ള ഒരാള്‍ ഇനിയില്ലെന്ന് പറയുമ്പോള്‍ അത് ചിന്തിക്കുന്നതിനും അപ്പുറം വേദനയാണെന്നും’, ദിവ്യ ഉണ്ണി സൂചിപ്പിച്ചു.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍, മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരികെ വരുമെന്ന് അടുത്തിടെ താരം പറഞ്ഞിരുന്നു. സിനിമ സംവിധാനം ചെയ്യുന്നവര്‍ക്കും എനിക്കും കുഴപ്പമില്ലാത്ത വിധം നല്ല സിനിമകള്‍ വന്നാല്‍ തീര്‍ച്ചയായും ചെയ്യാന്‍ തയ്യാറാണ് എന്നാണ് ദിവ്യ ഉണ്ണി പറഞ്ഞത്. ‘സിനിമയുമായിട്ടുള്ള കണക്ഷന്‍ താന്‍ ഒരിക്കലും ബ്രേക്ക് ആക്കിയിട്ടില്ലെന്നും നടി പറഞ്ഞിരുന്നു.