Connect with us

Special Report

കഴിവ് നോക്കി എടുക്കുന്നവർ വളരെ കുറവാണ്, സിനിമയിൽ അഭിനയിക്കണം എങ്കിൽ അഡ്ജസ്റ്റ് ചെയ്യണം, അങ്ങനെ ചെയ്യുന്നവർക്കേ നിലനിൽപ്പുള്ളൂ: സ്‌നേഹാ മാത്യുവിന്റെ വെളിപ്പെടുത്തൽ

Published

on

ഈ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായ രോമാഞ്ചം എന്ന സിനിമിലൂടെ മലയാളി പ്രേക്ഷകർക്ക് ഇടയിൽ ശ്രദ്ധിക്കപ്പെട്ട യുവ നടിയാണ് സ്‌നേഹാ മാത്യു. മോഡലിംഗ് രംഗത്ത് നിന്നുമാണ് സ്‌നേഹ മാത്യു സിനിമയിൽ എത്തിയത്. അതേ സമയം നേരത്തെ ചില സിനിമകളിൽ വളരെ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായി ശ്രദ്ധിയ്ക്കപ്പെടുന്ന ഒരു കഥാപാത്രം സ്‌നേഹയ്ക്ക കിട്ടിയത് രോമാഞ്ചം എന്ന സിനിമയിൽ ആയിരുന്നു.

രോമാഞ്ചം സിനിമയുടെ നിർമ്മാതാവുമായുള്ള പരിചയം മൂലമാണ് സിനിമയിൽ അവസരം ലഭിച്ചത്. രോമാഞ്ചത്തിൽ പൂജ എന്ന കഥാപാത്രത്തെയാണ് സ്‌നേഹ അവതരിപ്പിച്ചത്. ഇപ്പോഴിതാ സിനിമയിൽ അവസരങ്ങൾക്കായി ശ്രമിക്കുന്ന പെൺ കുട്ടികൾ നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സ്‌നേഹ മാത്യു.

സിനിമയിൽ അഭിനയിക്കണം എങ്കിൽ അഡ്ജസ്റ്റ് ചെയ്യണം. അങ്ങനെ ചെയ്യുന്നവർക്കേ നിലനിൽപ്പുള്ളൂ എന്നാണ് സ്‌നേഹ പറയുന്നത്. സ്‌നേഹയുടെ വാക്കുകൾ ഇങ്ങനെ: പ്ലസ് വൺ, പ്ലസ് ടു കാലഘട്ടം മുതൽ അഭിനയത്തിലേക്ക് വരാൻ ശ്രമിക്കുന്നുണ്ട്. അന്ന് എനിക്ക് സിനിമ മേഖലയെ കുറിച്ച് ഒരു ധാരണയും ഉണ്ടായിരുന്നില്ല. മോശം അനുഭവങ്ങളെ പറ്റിയൊക്കെ കേട്ടിട്ടുണ്ട്. എന്നാൽ കൂടുതൽ കോൺടാക്ടുകൾ ഒക്കെ വന്ന് തുടങ്ങിയപ്പോഴാണ് അത് മനസിലായത്.

നോ പറഞ്ഞു നിൽക്കുന്നവർ സിനിമകൾ ലഭിക്കാൻ ബുദ്ധിമുട്ടാണ് ഒരുപാട് കാലം കാത്തിരിക്കേണ്ടി വരും. കഴിവ് നോക്കി സിനിമയിലേക്ക് എടുക്കുന്നവർ വളരെ കുറവാണ്. ഒരു പത്ത് ശതമാനമേ ഉണ്ടാവുകയുള്ളു. എന്നെ പോലെയുള്ള പുതിയ ആളുകൾ എല്ലാം ഇത് നേരിടുന്നുണ്ട്. നേർവഴിക്ക് പോകാൻ ആഗ്രഹിക്കുന്ന നമ്മളെയൊന്നും അവർക്ക് ആവശ്യമില്ല.

അവർക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ എന്ന് നോക്കിയാണ് കാസ്റ്റ് ചെയ്യുന്നത്. ഇങ്ങനെയാണെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നിയിരുന്നു. നോ പറഞ്ഞത് കൊണ്ടാണ് ഇങ്ങനെ. അല്ലെങ്കിൽ ഇപ്പോൾ എത്ര സിനിമകൾ ചെയ്യാമായിരുന്നു.


അഡ്ജസ്റ്റ് ചെയ്യണമെന്ന് തുടർച്ചയായി കേൾക്കുമ്പോൾ നമ്മൾ വെറുത്തു പോകും. നല്ല ആളുകളുണ്ട് പക്ഷേ വളരെ കുറവാണ്. അതിലേക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടാണ്. അതുപോലെ ഒന്നോ രണ്ടോ സിനിമ ചെയ്തത് കൊണ്ടും ഇതിൽ നിന്ന് രക്ഷപ്പെടാൻ കഴിയില്ല. ആദ്യമൊരു അവസരം ലഭിച്ചാലും പിന്നീടും ഈ പ്രശ്‌നങ്ങൾ ഉണ്ടാകും. അഡ്ജസ്റ്റ് ചെയ്യുന്നവർക്കേ നിലനിൽപ്പുള്ളു എന്ന സാഹചര്യമാണെന്നും സ്‌നേഹ പറയുന്നു.