Special Report
ചിത്രരചനകളില്‍ കാണുന്ന പോലെ ആകാരവടിവ്, കണ്ണും മൂക്കും ചുണ്ടും മൂക്കുത്തിയും- സുചിത്ര നായരെ പറ്റി വൈറൽ കുറിപ്പ്
മാലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രത്തിലെ മാതംഗിയായി മിന്നുന്ന പ്രകടനം കാഴ്ച വെച്ചിരിക്കുകയാണ് നടി സുചിത്ര നായര്‍. സിനിമയിലേക്ക് വരുന്നതിന് മുന്‍പ് സീരിയല്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു നടി. വാനമ്പാടി എന്ന ഹിറ്റ് സീരിയലിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും സുചിത്രയായിരുന്നു. ഇതിനിടയിലാണ് ബിഗ് ബോസിലേക്കും സുചിത്ര എത്തുന്നത്.
ശേഷം സിനിമയില്‍ അഭിനയക്കാന്‍ അവസരവും ലഭിച്ചു. എന്നാല്‍ സുചിത്രയുടെ സൗന്ദര്യത്തെ വര്‍ണിച്ചിരിക്കുകയാണ് അഡ്വേക്കേറ്റ് സംഗീത ലക്ഷ്മണ. ഇനിയൊരു ജന്മമുണ്ടെങ്കില്‍ സുചിത്രയെ പോലെ സുന്ദരിയായി ജനിക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ അവര്‍ പറയുന്നത്. വിശദമായി വായിക്കാം…
സുചിത്ര നായര്‍… കുറച്ച് നാള്‍ മുന്‍പാണ്, യൂട്യൂബ് ഷോര്‍ട്‌സ് ആയി ഈ സ്ത്രീയുടെ ഒരു വീഡിയോ ശ്രദ്ധയില്‍പെടുന്നത്. ഈ ചിത്രത്തില്‍ കാണുന്ന, ഏതോ ചടങ്ങിനിടയില്‍ നില്‍ക്കുന്നതും ധരിച്ചിരുന്ന സാരി നേരയാക്കുന്നതുമായ ഒരു ഷോര്‍ട്ട് വീഡിയോ. ഒരുപാട് തവണ ഞാന്‍ ആ വീഡിയോ പിന്നെയും പിന്നെയും പിന്നെയും വീണ്ടും പിന്നെയും കണ്ടു.
കാരണം എന്റെ കണ്ണുകള്‍ കൊണ്ട് കാണുമ്പോള്‍ ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീരൂപം ഇവരുടേതാണ് എന്നാണ് എനിക്ക് തോന്നിയത്.പണ്ടത്തെ മലയാള മനോരമ ആഴ്ചപതിപ്പുകളിലെ ചില നോവലുകളിലും ചെറുകഥകളിലുമൊക്കെ കണ്ടിട്ടുള്ള ചിത്രരചനകളില്‍ കാണുന്ന പോലുള്ള ആകാരവടിവ്, വരച്ചു വെച്ചത് പോലുള്ള കണ്ണും മൂക്കും ചുണ്ടും മൂക്കുത്തിയും. മലമ്പുഴയിലും ശംഖുമുഖത്തുമൊക്കെ സ്ഥാപിച്ചിട്ടുള്ള കാനായി കുഞ്ഞിരാമന്റെ ശില്പങ്ങള്‍ പോലെ… Everything was so very perfect about the feminine beauty in her-! ഇനിയൊരു ജന്മം ഉണ്ടെങ്കില്‍ ആ ജന്മത്തിലും പെണ്ണായി തന്നെ ജനിക്കണം എന്നാണ് ഞാന്‍ എന്നും ഇപ്പോഴും ആഗ്രഹിക്കുന്നത്.
സുചിത്രയുടെ ആ ഷോര്‍ട്ട് വീഡിയോ പല തവണകള്‍ കണ്ടപ്പോള്‍ ഒരു തരി പോലും അസൂയ തോന്നിയില്ല, ദൂരെ ആകാശത്ത് കാണുന്ന നക്ഷത്രം നോക്കി സ്വപ്നം കാണുന്ന പോലെ എനിക്ക് തോന്നിയത്, എനിക്ക് അതിമോഹം തോന്നിയത് ഇങ്ങനെയാണ്- അതായത്; ഇനിയൊരു ജന്മമുണ്ടെങ്കില്‍ ഈ സ്ത്രീയെ പോലെ സുന്ദരിയായി ജനിക്കണം എനിക്ക് എന്നാണ്. ശേഷം, ഇതാരാണപ്പാ ഇത്രമേല്‍ വശ്യമായ സുന്ദരമനോഹരസ്ത്രീ എന്നൊക്കെ ചിന്തിച്ചുകൊണ്ടാണ് ഇന്റര്‍നെറ്റില്‍ പരതിയത്. ബിഗ് ബോസ് പരിപാടി തീരെയും കണ്ടിട്ടില്ല. ഒരുകാലത്തും കണ്ടിട്ടില്ല. സീരിയലുകള്‍ ഒന്നും തന്നെ പതിവായി കാണുന്ന ശീലവുമില്ലാത്തത് കൊണ്ടാവും ഈ സുന്ദരരൂപം മുന്‍പ് ശ്രദ്ധയില്‍ പെടാതിരുന്നത്.
കഴിഞ്ഞ ദിവസമാണ് ഈ സുചിത്ര നായരുടെ ഒരു അഭിമുഖപരിപാടി കാണാന്‍ ഇടയായത്. ബാഹ്യസൗന്ദര്യം പോലെ തന്നെ ആകര്‍ഷണീയമായ സംസാരരീതി, വളരെ tactful ആയി തീരുമാനങ്ങളെടുക്കുന്ന, ചെറുതെങ്കിലും ലഭ്യമാവുന്ന അവസരങ്ങള്‍ പ്രയോജനപ്പെടുത്തികൊണ്ട് തന്നെ, തനിക്കായി വന്നെത്താനുളള സൗഭാഗ്യങ്ങള്‍ക്ക് വേണ്ടി ക്ഷമയോടെ കാത്തിരിക്കാനുള്ള പക്വത… അങ്ങനെ പലതും. എന്നാല്‍, അഭിമുഖപരിപാടിയില്‍ സുചിത്ര പറഞ്ഞതില്‍ എന്റെ മനസ്സ് ഉടക്കിയത് – ഒരു ടോക്‌സിക് റിലേഷന്‍ഷിപ്പില്‍ നിന്ന് പുറത്ത് കടന്നതിനെ കുറിച്ച് സുചിത്ര തുറന്ന് പറഞ്ഞതാണ്.
നമ്മുടേത് പോലൊരു സമൂഹത്തില്‍ അത്തരം ഒരു ബന്ധത്തില്‍ നിന്ന് പുറത്തിറങ്ങാനും അത് തുറന്ന് പറയാനും ചെറുതല്ലാത്ത ധൈര്യം വേണ്ടതുണ്ട്. മനസ്സിന് തെളിമയും. മറുഭാഗത്ത് നില്‍ക്കുന്നവന്‍ ആരാണ് എന്നൊരു സൂചന പോലും നമുക്ക് തരാതെ, ആ വ്യക്തി ആരാണ് എന്നറിയാനുള്ള ഒരു കൗതുകവും ആശങ്കയും നമ്മില്‍ ജനിപ്പിക്കാതെ സുചിത്ര സുചിത്രയുടെ ഭാഗം പറഞ്ഞുവെച്ചു. അങ്ങനെ നോക്കി കണ്ട് പഠിച്ച് മാതൃകയാക്കാന്‍ വേണ്ടുന്ന പലതും കാണാനായി സുചിത്ര എന്ന വ്യക്തിയില്‍, കലാകാരിയില്‍. അതെ, ഇനിയൊരു ജന്മമുണ്ടെങ്കില്‍ സുചിത്രയെ പോലൊരു സ്ത്രീയായി ജനിക്കാന്‍ എനിക്കാവണം. സുന്ദരി, മിടുക്കി. മലൈകോട്ടയ് വാലിബന്‍ എന്ന സിനിമ ഞാന്‍ തീയറ്ററില്‍ പോയി കാണാനിരുന്നതല്ല.
എന്നാല്‍ സുചിത്രയുടെ സൗന്ദര്യം തീയറ്ററിലെ ബിഗ് സ്‌ക്രീനില്‍ കാണാനുള്ള ആഗ്രഹം മാത്രമാവും എന്നെ തീയറ്ററിലേക്ക് എത്തിക്കുക. നന്ദി ലിജോ ജോസ് പെല്ലിശ്ശേരി, നന്ദി ഷിബു ബേബി ജോണ്‍….സുചിത്ര എന്ന സുന്ദരിക്ക് നിങ്ങളുടെ സിനിമയില്‍ അവസരം നല്‍കിയതിന്. എന്റെ കണ്ണുകള്‍ കൊണ്ട് നോക്കുമ്പോള്‍ ഭൂമിയിലെ ഏറ്റവും ഭംഗിയുള്ള സ്ത്രീ സൗന്ദര്യമായ സുചിത്രയെ വെള്ളിത്തിരയില്‍ കാണാനുള്ള അവസരം ഒരുക്കിയതിന്… എന്നും പറഞ്ഞ് സംഗീത എഴുത്ത് അവസാനിപ്പിക്കുന്നു. മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മാലൈക്കോട്ടെ വാലിബന്‍ എന്ന ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിലെ മാതംഗി എന്ന കഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്.