Connect with us

post

നിപയ്ക്ക്‌ പിന്നാലെ സംസ്ഥാനത്ത്‌ ഭീതിപരത്തി വൈറൽ കണ്ണുരോഗം, ഈ ലക്ഷണങ്ങൾ സൂക്ഷിക്കുക

Published

on

സംസ്ഥാനത്ത് ആശങ്കപരത്തി വൈറസ് നേത്രരോഗം പടര്‍ന്ന് പിടിക്കുന്നു. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ നേത്രരോഗത്തിന് ഇരയാവുകയാണ്. ആയിരക്കണക്കിന് ആളുകളാണ് ഇതിനോടകം നേത്രരോഗത്തിന് ചികിത്സ തേടിയിരിക്കുന്നത്.

വീട്ടില്‍ ഒരാള്‍ക്ക് രോഗം പിടിപെട്ടാല്‍ അതിവേഗം കുടുംബത്തിലെ എല്ലാവര്‍ക്കും രോഗം പിടിപെടുന്ന അവസ്ഥയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കാലവര്‍ഷത്തിന് തൊട്ടുപിന്നാലെ കടുത്ത വേനല്‍ചൂടില്‍ കുട്ടികളില്‍ തുടങ്ങിയ വൈറല്‍ കണ്‍ജംക്ടിവൈറ്റിസ് വൈറസ് രോഗം ഇപ്പോള്‍ മുതിര്‍ന്നവരിലേക്കും വ്യാപിക്കുകയാണ്.

സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി ഇതിനോടകം 20,000ല്‍ അധികം പേര്‍ നേത്രരോഗത്തില്‍ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ചെങ്കണ്ണിന് സമാനമായ ലക്ഷണങ്ങളാണ് ഈ രോഗത്തിനും. കണ്ണിന് ചുവപ്പ്, തരിപ്പ്, കണ്ണില്‍ നിന്ന് വെള്ളം വരുക, നീറ്റല്‍, കണ്ണ് ചൊറിച്ചില്‍, വേദന തുടങ്ങിയവയാണ് ലക്ഷണങ്ങള്‍.

ഓണക്കാലത്തുള്ള ബന്ധുക്കളുടെ കൂടിച്ചേരലുകളിലാണ് രോഗം വ്യാപകമായി പടര്‍ന്ന് പിടിച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. കുട്ടികള്‍ക്കിടയിലാണ് രോഗം വ്യാപകമാകുന്നത്. അതേസമയം ആണ്‍പെണ്‍ വ്യത്യാസം കൂടാതെ പ്രായഭേദമില്ലാതെ ആര്‍ക്കും നേത്രരോഗം പിടിപെടാം. മറ്റെല്ലാ രോഗങ്ങളെപ്പോലെയും ജീവിതശൈലിയില്‍വന്ന മാറ്റങ്ങള്‍ നേത്രരോഗത്തിന്റെ വര്‍ധനയ്ക്കും കാരണമായിട്ടുണ്ട്.

അല്‍പം ശ്രദ്ധയും പരിചരണവുമുണ്ടെങ്കില്‍ നേത്രരോഗങ്ങള്‍ ഒരു പരിധിവരെ നിയന്ത്രിക്കാം. കണ്ണിന്റെ വെളുത്ത ഭാഗം ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിലാകുന്ന തരം അണുബാധയാണ് ചെങ്കണ്ണ് അഥവാ കൺജക്റ്റിവൈറ്റിസ്. ‘പിങ്ക് ഐ’, ‘മദ്രാസ് ഐ’ എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. കണ്ണിന്റെ വെളുത്ത നിറമുള്ള ഭാഗത്തെ (സ്ക്ളീറ) പൊതിയുന്ന കൺജക്റ്റീവ എന്ന പാളിയെ ബാധിക്കുന്ന കോശജ്വലനമാണ് സാധാരണയായി ഇതിനു കാരണമാകുന്നത്.

ശരിയായ ശുചിത്വം പാലിക്കാത്തതിനാലും ശരിയായി കൈകൾ വൃത്തിയാക്കാത്തതിനാലും സ്കൂൾ കുട്ടികളിലും മറ്റും ഇത് സാധാരണമായി കാണപ്പെടുന്നു.വൈറസ് മൂലമുള്ള ചെങ്കണ്ണ് പ്രത്യേക മരുന്നുകൾ ഒന്നുമില്ലെങ്കിലും രണ്ടാഴ്ചയ്ക്കുള്ളിൽ ഭേദമാകും. എന്നാൽ, ഹെർപ്സ് വൈറസ് കോർണിയയെ ബാധിക്കുകയാണെങ്കിൽ മരുന്നുകൾ ആവശ്യമായി വരും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Copyright © 2022 Reserved By Viral Junction | Designed By Xpressfoodrider Company