നിലനിൽപ്പിന്റെ പ്രശ്നമാണത്: ഗ്ലാമറസ് റോളിനെ കുറിച്ച് നയൻതാര പറഞ്ഞത്… നിങ്ങളും ഒരു പെണ്ണാണെന്നത് മറക്കരുത്… നയൻതാര പറഞ്ഞത്

in Special Report

തിരുവല്ലാക്കാരി ഡയാന മറിയം കുര്യൻ ആണ് ഇന്നത്തെ ലേഡി സൂപ്പർസ്റ്റാർ നയൻ‌താര. ജയറാം നായകനായ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെ അഭിനയത്തേക്ക് കാലെടുത്ത് വെച്ച നയൻതാര പിന്നീട്, മറ്റ് സിനിമകളിലും അഭിനയിച്ചു. മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയവരുടെ നായികയായിട്ടായിരുന്നു മലയാളത്തിൽ നിന്നത്. രജനികാന്തിന്റെ നായികയായിട്ടായിരുന്നു നയൻതാരയുടെ തമിഴ് പ്രവേശനം. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി

വന്നിട്ടില്ല. തമിഴിലെ സൂപ്പർതാരങ്ങളായ അജിത്ത്, വിജയ്, സൂര്യ, ധനുഷ് തുടങ്ങി ചെറിയ താരങ്ങൾക്കൊപ്പം പോലും നയൻതാര നായികയായി അഭിനയിച്ചു. ഗ്ലാമറസ് വേഷം ആയിരുന്നു ഒരുകാലത്ത് നടി കൂടുതലും ചെയ്തിരുന്നത്. നയൻതാരയുടെ ഗ്ലാമറസ് വേഷങ്ങൾ തമിഴ്നാട്ടിൽ വൻ തോതിൽ സ്വീകരിക്കപ്പെട്ടു. എന്നാൽ, അപ്പോഴും മലയാളികൾ മാത്രം നടിയെ വിമർശിച്ച് കൊണ്ടേയിരുന്നു. കൈവിട്ട് കളഞ്ഞ മാണിക്യത്തിന്റെ വില

അറിഞ്ഞിട്ടോ അസൂയ മൂത്തിട്ടോ അവർ നയന്താരയ്ക്കെതിരെയുള്ള ആക്രമണം തുടർന്ന് കൊണ്ടേയിരുന്നു. ബോഡിഗാർഡ് എന്ന ചിത്രത്തിലൂടെ നയൻസ് വീണ്ടും മലയാളത്തിൽ തിളങ്ങി. വ്യക്തിജീവിതത്തിലെ പരാജയങ്ങളും പ്രതിസന്ധികളും കാരണം സിനിമാജീവിതത്തിൽ മങ്ങലേറ്റു. ഒരിടവേള എടുത്ത നയൻതാര അറ്റ്ലിയുടെ രാജാ റാണി എന്ന ചിത്രത്തിലൂടെയാണ് തിരിച്ച് വന്നത്. അതായിരുന്നു നയൻതാരയുടെ

കരിയറിലെ പുതിയ ഇടം. അവിടം തൊട്ട് ഇന്ന് വരെ സൗത്ത് ഇന്ത്യയിലെ ലേഡി സൂപ്പർസ്റ്റാർ ആയി നയൻതാര തിളങ്ങി. എന്നാൽ, ഗ്ലാമറസ് വേഷങ്ങളിൽ അഭിനയിച്ചതിന്റെ പേരിൽ ഒരു കാലത്ത് വ്യാപക വിമർശനം കേൾക്കേണ്ടി വന്ന നടിയാണ് നയൻതാര. മലയാളികളാണ് നടിയെ വലിയ തോതിൽ അന്ന് അധിക്ഷേപിച്ചത്. ഇന്ന് ഇത്തരം വേഷങ്ങൾ നടി ചെയ്യാറുമില്ല. അക്കാലത്ത് തനിക്ക് വന്ന കുറ്റപ്പെടുത്തലുകൾക്ക് തക്കതായ

മറുപടി നൽകാൻ നയൻതാര മടിച്ചിട്ടില്ല. വർഷങ്ങൾക്ക് മുമ്പ് ഒരു അഭിമുഖത്തിൽ നടി ഇതേക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മാധ്യമങ്ങളുടെ വേട്ടയാടലിനെ നേരിടാൻ തിരുവല്ലയിൽ നിന്നും വന്ന നാടൻ പെൺകുട്ടിക്ക് എങ്ങനെ കഴിഞ്ഞു എന്നായിരുന്നു അവതാരകന്റെ ചോദ്യം. അതിന് നയൻ‌താര നൽകിയ ഉത്തരം ഇങ്ങനെ ആയിരുന്നു; മീഡിയ എപ്പോഴും ഓർക്കേണ്ട ഒരു കാര്യം എന്തൊക്കെ എഴുതിയാലും

എപ്പോഴെങ്കിലും ഒരിക്കൽ എഴുതുന്ന ആൾ ആ കുട്ടിയും പെൺകുട്ടിയാണ്, നാളെ ഒരു കല്യാണമാവും, ആ കുട്ടിക്കും അച്ഛനും അമ്മയും ഉണ്ട്. റിപ്പോർട്ടുകൾ വായിച്ച് അച്ഛനും അമ്മയും വിഷമിക്കും എന്ന് ഓർക്കണം. ഞാൻ നാടൻ അല്ലാത്തത് കൊണ്ടായിരിക്കും. ഞാൻ ഇവിടെയല്ല ജനിച്ച് വളർന്നത്. കുറേ ആൾക്കാരെ കണ്ടിട്ടുണ്ട്. എക്സ്പോഷർ കിട്ടിയി‌ട്ടുണ്ട്. അത് എനിക്കും എന്റെ ചേട്ടനുമുണ്ടാകും. പെൺകുട്ടിയായത്

കൊണ്ട് മിണ്ടാതിരിക്കേണ്ടതില്ല. സെലിബ്രിറ്റിയായത് കൊണ്ടാണ് എല്ലാം മീഡിയയിൽ വരുന്നതെന്ന് ചിലർ പറയും. കുറച്ചൊക്കെ ആവാം. ഞാൻ എന്റെ ജീവിതം മാത്രമേ നോക്കാറുള്ളൂ. ആ നടൻ ഇങ്ങനെ ചെയ്തു ആ നടി ശരിയല്ല എന്നൊന്നും പറഞ്ഞിട്ടില്ല. ഒരാളുടെ കാര്യത്തിലും ഇടപെടാറില്ല. ഗ്ലാമറസായി അഭിനയിക്കുന്നു, അഭിനയപ്രാധാന്യമുള്ള റോളുകൾ എടുക്കുന്നില്ല എന്ന് പറയുന്നു. മലയാളത്തിൽ എവിടെയാണ് സബ്സ്റ്റൻസുള്ള

റോൾ ഉള്ളത്. ഒന്നോ രണ്ടോ റോൾ വരും. അത് എനിക്ക് തന്നെ വരണം എന്നില്ലല്ലോ. ഞങ്ങൾക്ക് കിട്ടുന്ന പ്രൊജക്ട് വെച്ചേ മൂവ് ചെയ്യാൻ പറ്റൂ. വിജയ്, അജിത്ത് സർ, രജിനി സാറുടെ പ്രൊജക്ടുകൾ വന്നാൽ വലിയ റോൾ ഇല്ലെങ്കിലും ചെയ്തേ പറ്റൂ. കാരണം ഞങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്നമാണത്. ‌ നമ്മുടെ കൈയിൽ പടങ്ങളുണ്ടെങ്കിലേ നിലനിൽക്കാൻ പറ്റൂ. നല്ല റോൾ കിട്ടിയാലേ ചെയ്യൂ എന്ന് പറഞ്ഞ് ഇരുന്നിട്ട് കാര്യമില്ല.

അങ്ങനെ ഒരുപാട് നടിമാരുണ്ട്. ആദ്യം ഇതൊക്കെ പറയും എന്നല്ലാതെ പിന്നെ മാറ്റി ചെയ്യുന്നവരാണ് എല്ലാവരും. ഞാൻ എന്തുപറയുന്നോ അതല്ലേ ചെയ്യുന്നുള്ളൂ. മറ്റുള്ളവരെ പോലെ ചെയ്യുന്നില്ല. ​ഗ്ലാമറസായി അഭിനയിക്കുന്നു എന്ന് പറഞ്ഞിട്ട് മലയാളികൾ തന്നെ എന്തിനാണ് ഹിന്ദി സിനിമകളും തമിഴ് സിനിമകളും കാണുന്നത്. തമിഴ് സിനിമകൾ ചെന്നെെയിൽ ഓടുന്നതിലും നന്നായിട്ടാണല്ലോ ഇവിടെ ഓടുന്നത്. അത്രയും പ്രേക്ഷകരുള്ളത്

കൊണ്ട്. അപ്പോൾ എന്തിനാണ് വിമർശിക്കുന്നത്. നിങ്ങളെന്തിനാണ് കാണാൻ പോകുന്നത്. വിജയ്നെ മാത്രം കാണാനായിട്ട് മാത്രമല്ലല്ലോ പോകുന്നത്. നായികമാരെയും കൂടി കാണാനല്ലേ. എന്തുകൊണ്ടത് കാണുന്നു. കാണുകയും വേണം, വന്ന് വിമർശിക്കുകയും വേണം. ഈ നടി ഇങ്ങനെയാണ് ചെയ്യുന്നതെന്ന് അറിയാമെങ്കിൽ പിന്നെയും പത്ത് പടം പോയി കാണുന്നതെന്തിനാണ്. കാണാതിരുന്നാൽ പോരെ. എന്തിനാണ് വിമർശിക്കുന്നത്.


എന്തുകൊണ്ടാണ് ​ഗ്ലാമറസായി ചെയ്യുന്നതെന്ന് ചോദിക്കാനുള്ള അവകാശം ആർക്കുമില്ല. ഇഷ്ടമാണെങ്കിൽ കാണുക. ഇഷ്ടമല്ലെങ്കിൽ കാണേണ്ട. എന്നെ ഇഷ്ടപ്പെടുന്ന എത്രയോ പേരുണ്ട്. അഭിനയിച്ചത് ശരിയായില്ല, ഈ ക്യാരക്ടർ ഇങ്ങനെ ചെയ്യാൻ പാടില്ല എന്നതൊക്കെയാണ് വിമർശനം. അല്ലാതെ നിങ്ങൾ അങ്ങനെ ചെയ്യാൻ പാടില്ല ഇങ്ങനെ ചെയ്യാൻ‌ പാടില്ലെന്ന് പറയാൻ ആർക്കും അവകാശമില്ലെന്നും നയൻതാര അന്ന് ചൂണ്ടിക്കാട്ടി.