Special Report
പ്രിയാമണിയോട് പറഞ്ഞതായിരുന്നു, പക്ഷെ പൃഥിരാജ് ചിത്രം വന്നപ്പോൾ; ചാന്തുപൊട്ട് നടി വേണ്ടെന്ന് വെക്കാൻ കാരണം.. ലാൽ ജോസിന്റെ എൽസമ്മ എന്ന ആൺകുട്ടിയിലും ആദ്യം നായികയായി പ്രിയാമണിയെ പരിഗണിച്ചു
മലയാള സിനിമാ ലോകത്തെ ജനപ്രിയ സംവിധായകനായി ലാൽ ജോസ് അറിയപ്പെട്ട ഒരു കാലഘട്ടമുണ്ടായിരുന്നു. ഹിറ്റുകൾ ഒന്നിന് പിറകെ ഒന്നായി സൃഷ്ടിച്ച ലാൽ ജോസ് പ്രേക്ഷകർക്കും സൂപ്പർസ്റ്റാറുകൾക്കും ഒരുപോലെ പ്രിയങ്കരനായി. ഇന്ന് കരിയറിൽ സജീവമല്ലെങ്കിലും തന്റേതായ സ്ഥാനം ലാൽ ജോസിനുണ്ട്. ദിലീപ്-ലാൽ ജോസ് കൂട്ട് കെട്ട് ഒരു കാലത്ത് തരംഗമായിരുന്നു. ലാൽ ജോസിന്റെ മീശ മാധവൻ എന്ന സിനിമയ്ക്ക് ശേഷമാണ് ദിലീപ് താര പദവിയിലേക്ക് ഉയരുന്നത്. ഇവരുടെ കൂട്ടുകെട്ടിലുണ്ടായ മറ്റൊരു ഹിറ്റ് സിനിമയാണ് 2005 ൽ പുറത്തിറങ്ങിയ ചാന്തുപൊട്ട്. ദിലീപിന്റെ കരിയറിൽ ഇന്നും ആരാധകർ എടുത്ത് പറയുന്ന സിനിമയാണിത്.
മുൻനിര നായക നടൻമാർ അക്കാലത്ത് ചെയ്യാൻ മടിക്കുന്ന വേഷം ദിലീപ് മികച്ച രീതിയിൽ അവതരിപ്പിച്ചു. അതേസമയം എൽജിബിടിക്യു വിഭാഗത്തെ അധിക്ഷേപിക്കുകയും തെറ്റായി ചിത്രീകരിക്കുകയും ചെയ്ത സിനിമയെന്ന വിമർശനവും പിൽക്കാലത്ത് വന്നു. സ്ത്രെെണതയുള്ള രാധാകൃഷ്ണൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചാന്തുപൊട്ടിൽ ചെയ്തത്. ഗോപികയായിരുന്നു നായിക. ചാന്തുപൊട്ടിലെ സുപ്രധാന കഥാപാത്രമാണ് ഗോപിക ചെയ്ത മാലതി. എന്നാൽ ആദ്യം ഈ സിനിമയിലേക്ക് പരിഗണിച്ചത് ഗോപികയെ ആയിരുന്നില്ല.
പ്രിയാമണിയെ ആയിരുന്നു. എന്നാൽ പിന്നീട് കാസ്റ്റിംഗിൽ മാറ്റം വന്നു.
ഇതേക്കുറിച്ച് ഒരിക്കൽ ലാൽ ജോസ് സംസാരിച്ചിട്ടുണ്ട്. നായികയായി പുതിയൊരാൾ വേണം. തമിഴിലൊരു പെൺകുട്ടിയുണ്ടെന്ന് പറഞ്ഞപ്പോൾ അവരെ വിളിച്ച് വരുത്തി. അവരുടെ പേരാണ് പ്രിയാമണി. അവരോട് കഥ പറഞ്ഞപ്പോൾ ചെയ്യാമെന്ന് പറഞ്ഞു. കുറച്ച് സമയം വേണം, വലിയ സിനിമയായതിനാൽ തയ്യാറെടുപ്പ് വേണം, അതുവരെ മലയാളത്തിൽ നിന്ന് ഓഫർ വന്നാൽ ചെയ്യരുതെന്ന് ഞാൻ പറഞ്ഞിരുന്നു. അങ്ങനെ സിനിമയുടെ വർക്കുമായി മുന്നോട്ട് പോകവെയാണ് പ്രിയാമണിക്ക് സംവിധായകൻ വിനയന്റെ ഓഫർ വരുന്നത്. ആ സമയത്ത് വിനയേട്ടൻ വലിയ സംവിധായകനാണ്. പൃഥിരാജ് വളർന്ന് വരുന്ന താരവും. അങ്ങനെ പ്രിയാമണി നേരെ പോയി ആ സിനിമയിൽ അഭിനയിച്ചു. അതോടെ ഞങ്ങൾക്ക് നായിക ഇല്ലാതായി.
പിന്നീട് ഗോപികയെ നായികയായി തീരുമാനിച്ചെന്നും ലാൽ ജോസ് അന്ന് ഓർത്തു. സത്യം ആണ് ചാന്തുപൊട്ടിന് പകരം പ്രിയാമണി ചെയ്ത സിനിമ. ലാൽ ജോസിന്റെ എൽസമ്മ എന്ന ആൺകുട്ടിയിലും ആദ്യം നായികയായി പ്രിയാമണിയെ പരിഗണിച്ചു. എന്നാൽ നടി വലിയ പ്രതിഫലം ചോദിച്ചതോടെ കാസ്റ്റിംഗ് നടന്നില്ലെന്നാണ് സംവിധായകൻ പിന്നീടൊരിക്കൽ പറഞ്ഞത്. മലയാളത്തിൽ പ്രിയാമണി ചെയ്ത ഭൂരിഭാഗം സിനിമകളും ഹിറ്റാണ്. തിരക്കഥ, പുതിയ മുഖം, ഗ്രാന്റ് മാസ്റ്റർ, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ്, നേരം എന്നീ മലയാള സിനിമകളിൽ മികച്ച വേഷം നടി ചെയ്തു. കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയിലും പ്രിയാമണിയാണ് നായിക. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും നടി സജീവമാണ്.