Special Report
രൺബീറിനും സായ് പല്ലവിക്കുമെതിരെ ഹേറ്റ് ക്യാമ്പയിനുമായി ഹിന്ദുത്വ പേജുകൾ.. ബീഫ് തിന്നുന്ന രാമൻ?
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം രാമായണത്തിൻ്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. രാമനായി ബോളിവുഡ് താരം രൺബീർ കപൂറും, സീതയായി സായ് പല്ലവിയുമാണ് അഭിനയിക്കുന്നത്. ഓസ്‌കർ ജേതാക്കളായ എ.ആർ റഹ്‌മാനും, ഹാൻസ് സിമ്മറുമാണ് ചിത്രത്തിന്റെ സംഗീതം ചെയ്യുന്നതെന്നാണ്
റിപ്പോർട്ടുകൾ. രൺബീറിൻ്റെയും സായ് പല്ലവിയുടെയും ലൊക്കേഷനിലെ ചിത്രങ്ങൾ ഈയിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേ സമയം ഇരുവർക്കും നേരെ തീവ്ര ഹിന്ദുത്വ പേജുകളിൽ നിന്ന് ഹേറ്റ് ക്യാമ്പയിൻ നടക്കുകയാണ്. താൻ റെഡ് മീറ്റ് (ബീഫ് മട്ടൻ) അധികമായി കഴിക്കുന്നയാളാണെന്ന് ബ്രഹ്‌മാസ്ത്ര
എന്ന സിനിമയുടെ പ്രൊമോഷൻ വേളയിൽ രൺബീർ പറഞ്ഞിരുന്നു. ഇതാണ് തീവ്ര ഹിന്ദുത്വ വാദികളെ പ്രകോപിതരാക്കിയത്. തമിഴിനോടും സൗത്ത് ഇന്ത്യയോടുമുള്ള തൻ്റെ ബഹുമാനം പരസ്യമായി പറഞ്ഞതാണ് സായ് പല്ലവിക്കെതിരെയുള്ള വിദ്വേഷത്തിന് കാരണം ഇരുവർക്കുമെതിരെ ഒരേ തരത്തിലുള്ള പോസ്റ്റുകൾ തീവ്ര
ഹിന്ദുത്വപേജുകളിൽ നിറയുന്നുണ്ട്. ബീഫ് കഴിക്കുന്നയാളാണ് പുതിയ രാമായണത്തിലെ രാമനെന്നും,
ഹിന്ദു വിരോധിയാണ് സീതയെന്നും പറഞ്ഞുകൊണ്ടുള്ള ട്രോളുകളാണ് എല്ലാം. പാർട്ടിയിൽ പുകവലിക്കുന്ന രൺബീറിൻ്റെയും ഫാൻസിനൊപ്പം തൻ്റെ സിനിമയായ ശ്യാം സിംഘാ റോയ് കാണാൻ വേണ്ടി ബുർഖ
ധരിച്ചെത്തിയ സായ് പല്ലവിയുടെ ഫോട്ടോയുമാണ് പോസ്റ്റിൽ പങ്കുവെച്ചിരിക്കുന്നത്.തങ്ങളുടെ ആശയങ്ങളോട് യോജിപ്പില്ലാത്ത അഭിനേതാക്കൾക്കെതിരെ ഇത്തരം ഹേറ്റ് ക്യാമ്പയിൻ നടത്തുന്ന പേജുകൾക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രതിഷേധം നടക്കുന്നുണ്ട്. സ്‌കൂപ്പ് കൂപ്പ് ഹിന്ദി, സ്കൂപ്പ് കൂപ്പ് ഭാരത് എന്നീ പേജുകളാണ് ഇത്തരം ഹേറ്റ് ക്യാമ്പയിന് മുന്നിൽ നിൽക്കുന്നത്.