വാലിട്ടു നീട്ടിയെഴുതിയ കണ്ണുകള്‍, നീളന്‍ പൊട്ട്, പരമ്പരാഗത ലുക്കില്‍ പ്രിയ താരം.. നള ദമയന്തി കഥയിലെ അരയന്നത്തെപ്പോൽ കാവ്യ ഭംഗിയിൽ നവ്യ നായർ.. ചിത്രങ്ങള്‍ വൈറൽ..


‘നന്ദനം’ എന്ന ഒരു സിനിമ മതി നവ്യ നായരുടെ അഭിനയ മികവ് ഓർക്കാൻ​. ഗുരുവായൂരപ്പൻ്റെ സ്വന്തം ബാലാമണിയായി സ്ക്രീനിൽ തിളങ്ങിയ താരം ഇന്നും മലയാളിക്ക് ആ നാടൻ ചേലുള്ള പെൺകുട്ടി തന്നെയാണ്. അഭിനയവും നൃത്തവും ഒരേപോലെ കൊണ്ടു നടന്ന

നവ്യ വിവാഹ ശേഷം ഇവയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നു. എങ്കിലും നൃത്തത്തോടുള്ള തൻ്റെ ഇഷ്ടം ഉപേക്ഷിക്കാൻ താരം തയ്യാറായിരുന്നില്ല. ‘മാതംഗി’ എന്ന നൃത്ത സ്ഥാപനം നവ്യയുടെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. അഭിനയ മികവു കൊണ്ടും,

നൃത്ത ചാരുത കൊണ്ടും ആരാധകർക്കു പ്രിയങ്കരിയായ നവ്യയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ട്രെൻഡിങ്. നവ്യയുടെ ചിത്രങ്ങൾ പകർത്തിയ വിഷ്ണു സന്തോഷാണ് ഇവ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. ഫാഷൻ സ്റ്റൈലിസ്റ്റായ അക്ഷരയാണ് നവ്യയുടെ ഔട്ട്ഫിറ്റിനും

സ്റ്റൈലിങ്ങിനും പിന്നിൽ. പിയർ ഗ്രീൻ നിറത്തിലുള്ള ബ്ലൗസ് ലെസ്സ് സിൽക്ക് സാരിയാണ് നവ്യ ധരിച്ചിരിക്കുന്നത്. മുൻപിലേയ്ക്ക് പിന്നിയിട്ടിരിക്കുന്ന നീളൻ മുടിയും, പരമ്പരാഗത രീതിയിലുള്ള മൂക്കുത്തിയും വളകളും ഒപ്പം അണിഞ്ഞിരിക്കുന്നു.

ഹെവി ആയിട്ടുള്ള മുത്ത് മാലകൾ ഒരു തെന്നിന്ത്യൻ​ ലുക്ക് നൽകുന്നതാണ്. സിജൻ ജോസഫിൻ്റെ മേക്കപ്പാണ് ഇതിൽ എടുത്തു പറയേണ്ടത്. വാലിട്ടു നീട്ടിയെഴുതിയ കണ്ണുകളും, വളഞ്ഞ പുരികങ്ങളും, നീളൻ പൊട്ടും ഏതോ തമിഴ് കാവ്യത്തെ ഓർമ്മിപ്പിക്കുന്നതാണ്.

പൂക്കൾക്കു നടുവിലിരിക്കുന്ന നവ്യയുടെ മനോഹരമായ ഈ ചിത്രങ്ങൾക്ക് സിനിമാ താരങ്ങളും മറ്റ് ആരാധകരും കമൻ്റുകൾ പങ്കുവെച്ചിട്ടുണ്ട്. സീതയെപ്പോലെയുണ്ട്, വരയ്ക്കാൻ തോന്നുന്ന പൂക്കാരി പെണ്ണ്, ക്ലാസിക് ബ്യൂട്ടി എന്നിങ്ങനെ കമൻ്റുകൾ നീണ്ടു പോകുന്നു.