ഒരു കോഫി കുടിക്കാൻ വരണമെങ്കിൽ 1500 രൂപ, ഇനി അതുകഴിഞ്ഞ് ബൈക്കിൽ കറങ്ങാൻ 4000, ഇനി ഇതൊന്നുമല്ല ഒരു വീക്കെന്റ് ഗെറ്റ് എവേ ആണ് നിങ്ങൾ ഉദ്ദേശിക്കുന്നതെങ്കിൽ 10000 രൂപയാകും. ഏതെങ്കിലും റിസോർട്ടിന്റിയോ കോഫി ഷോപ്പിന്റെയോ പരസ്യമാണെന്ന് കരുതിയെങ്കിൽ തെറ്റി. ഇത് സംഭവം വേറെയാണ്. ഡേറ്റിങ്ങിനു വിളിക്കാൻ താൽപര്യമുള്ളവർക്കായി ഒരു പെൺകുട്ടി തയാറാക്കിയിരിക്കുന്ന
വിലവിവപട്ടികയാണിത്. ഡൽഹി സ്വദേശിയായ പെൺകുട്ടിയാണ് ഇത്തരത്തിൽ വ്യത്യസ്തമായ ആശയവുമായി എത്തിയത്. സമൂഹമാധ്യമത്തിലൂടെയാണ് പെൺകുട്ടി തന്നെയാണ് ഇക്കാര്യങ്ങൾ അറിയിച്ചത്. ദിവ്യ ഗിരി എന്ന സമൂഹമാധ്യമ പേജിൽ “എന്നെ ഒരു ദിവസത്തേക്ക് വാടകയ്‌ക്കെടുക്കൂ, നമുക്ക് ഒരുമിച്ച് അതിശയകരമായ ചില ഓർമകൾ സൃഷ്‌ടിക്കാം!’ എന്ന വാചകം അടങ്ങിയ ഒരു റീൽ പോസ്റ്റ് ചെയ്തതോടെയാണ്
സംഭവം നെറ്റിസൺസിന്റെ ശ്രദ്ധയിൽപ്പെട്ടത്. ഓൺലൈനിൽ തന്റെ “ഡേറ്റിങ് റേറ്റ് ചാർട്ട്” പോസ്റ്റ് ചെയ്ത പെൺകുട്ടിക്ക് കമന്റുകളുടെയും ട്രോളുകളുടെയും പൊങ്കാലയാണിപ്പോൾ. ചിൽ കോഫി ഡേറ്റിന് 1500 രൂപ, ഡിന്നറും സിനിമയുമടങ്ങുന്ന സാധാരണ ഡേറ്റിന് 2000 രൂപ, കുടുംബവുമായുള്ള കൂടിക്കാഴ്ചയ്ക്ക് 3000, ചടങ്ങുകളിൽ പങ്കെടുക്കണമെങ്കിൽ 3500, ബൈക്കിൽ ഒപ്പം യാത്ര ചെയ്യാനും കൈകോർത്ത്
നടക്കാനും 4000 ഇങ്ങനെ പോകുന്നു ഡേറ്റിങ് ചാർട്ടിലെ വിവരങ്ങൾ. ഇനി ഇവരുടെ ഡേറ്റിനെക്കുറിച്ച് പോസ്റ്റിടണമെങ്കിൽ 6000 രൂപ ചിലവ് വരുമെന്നും ഹൈക്കിങ്, കയാക്കിങ് പോലെയുള്ള സാഹസിക പ്രവർത്തനങ്ങൾക്ക് ഒപ്പം വരണമെങ്കിൽ 5000 രൂപയാകുമെന്നും പോസ്റ്റിൽ പറയുന്നുണ്ട്. ഇതുപോലെ കോഫി ഷോപ്പിൽ പോകാനും ബൈക്കിൽ കറങ്ങാനും മാത്രമല്ല പാചകം ചെയ്യാനും യുവതി തയാറാണ്.
പക്ഷേ അതിന് 3500 രൂപയാണ് ഈടാക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ ചെലവ് വരുന്നത് വീക്കെന്റ് ട്രിപ്പിനാണ്. രണ്ട് ദിവസത്തെ ഗെറ്റ് എവേയ്ക്ക് 10000 രൂപയാണ്. ഇതിൽ ഏതെങ്കിലും നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ നമുക്ക് കണ്ടുമുട്ടാം എന്ന് പറഞ്ഞാണ് അവർ പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്. പെൺകുട്ടിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ നിരവധി കമന്റുകളും
എത്തി. ഇത് തട്ടിപ്പാണെന്ന രീതിയിലാണ് കമന്റുകൾ എത്തിയത്. ഇത് ഹണി ട്രാപ്പാണ്. സൂക്ഷിച്ചില്ലെങ്കിൽ കയ്യിലെ കാശും പോകും നിങ്ങൾ കെണിയിൽ കുടുങ്ങുകയും ചെയ്യുമെന്നാണ് പലരും പ്രതികരിച്ചത്. ഈ പോസ്റ്റ് ചെയ്ത പെൺകുട്ടി താൻ ഇന്ത്യയിലല്ല മറിച്ച് ജപ്പാനിലാണെന്ന് കരുതികാണുമെന്നാണ് മറ്റുചിലരുടെ അഭിപ്രായം. ദിനംപ്രതിമാറിക്കൊണ്ടിരിക്കുന്ന ജീവിതസാഹചര്യങ്ങളും സൗകര്യങ്ങളുമെല്ലാം മനുഷ്യനെ
പലവിധത്തിൽ ചിന്തിക്കാനും പ്രവർത്തിക്കാനുമെല്ലാം പ്രേരിപ്പിക്കുകയാണ്. ബന്ധങ്ങൾക്ക് വിലകൽപ്പിക്കാത്ത ഒരു സമൂഹം വളർന്നുവരുന്നുണ്ടെന്നും ഇതൊക്കെ അതിന്റെ ഭാഗമാണെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും ഇന്നത്തെ കാലത്ത് നിലനിൽപ്പിന് ഇത്തരം നിലപാടുകൾ കൂടി സ്വികരിക്കേണ്ടിവരുമെന്നാണ് ഈയൊരു സംഭവം അടിവരയിടുന്നതെന്ന് പറയുന്നവരും ഉണ്ട്. ഒരു പങ്കാളിയെ വാടകയ്‌ക്കെടുക്കുക എന്ന
ആശയം ജപ്പാനിൽ വളരെക്കാലമായി പ്രചാരത്തിലുള്ളതാണ്. അവിടെ വ്യക്തികൾക്ക് ഒരു നിശ്ചിത കാലയളവിലേക്ക് അവരുടെ കാമുകിയായോ കാമുകനായോ വേഷമിടാൻ ആരെയെങ്കിലും വാടകയ്‌ക്കെടുക്കാം. ഇങ്ങനെ വാടകയ്ക്ക് എടുക്കുന്നവർ ഒരുമിച്ച് ഡേറ്റിന് പോകുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ഇവന്റുകളിൽ പങ്കെടുക്കുകയും യഥാർഥ കാമുകീ–കാമുകന്മാരെ പോലെ പെരുമാറുകയും ചെയ്യും.