Special Report
സന്തോഷ് പണ്ഡിറ്റിനും പങ്കുണ്ട് ഇന്ന് സിനിമാ ലോകത്ത് വന്ന മാറ്റങ്ങൾക്ക് – അജു വർഗീസ്
സന്തോഷ് പണ്ഡിറ്റിനെ പ്രശംസിച്ച് നടൻ അജു വർഗീസ് രംഗത്ത്. മലയാളികൾക്ക് സിനിമ ചെയ്യാൻ ധൈര്യം തന്നത് സന്തോഷ് പണ്ഡിറ്റാണെന്നാണ് അജു പറയുന്നത്. പരിശ്രമിക്കുന്ന വ്യക്തികളോട് എനിക്ക് നല്ല ബഹുമാനമാണ്. അദ്ദേഹം എന്ത് ചെയ്തു, എത്ര വലിപ്പം ചെയ്തു എന്നതിലല്ല. അദ്ദേഹത്തിന്റെ കഴിവിന്റെ പരമാവധി അദ്ദേഹം എടുത്തിട്ടുണ്ടോ എന്നാണ് നോക്കുന്നത്.
ആർക്കും സിനിമ ചെയ്യാം എന്ന് ധൈര്യം തന്നതിൽ ഒരു പ്രമുഖ വ്യക്തിയായി ഞാൻ കാണുന്നത് സന്തോഷ് പണ്ഡിറ്റിനെയാണ്. സിനിമ ചെയ്ത് തിയേറ്ററിൽ ഇറക്കി ഹിറ്റാക്കാനുള്ള ധൈര്യം. അദ്ദേഹം സിനിമ ഇറക്കുമ്പോൾ സോഷ്യൽമീഡിയ ഒന്നും ഇന്നത്തെ അത്രയും സജീവമല്ല. അത് ചെയ്ത് ധൈര്യം കിട്ടിയപ്പോൾ മുതലാണ് മൊബൈൽ ഫോണിൽ വരെ സിനിമ ചെയ്യാൻ തുടങ്ങുന്നത്”- അജു വർഗീസ് പറഞ്ഞു.
2010 ൽ മലർവാടി ആർട്സ് ക്ലബ് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന താരമാണ് അജു വർഗീസ് . തട്ടത്തിൽ മറയത്ത് ഉൾപ്പെടെയുള്ള സിനിമകൾ നടന് ജനപ്രീതി നേടിക്കൊടുത്തു. കരിയറിൽ ഉയർച്ച താഴ്ചകൾ അജുവിന് ഒരുപോലെ വന്നിട്ടുണ്ട്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്ക് ശേഷം’ ആണ് അജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.