Connect with us

Special Report

സഹിഷ്ണുതയുടെയും, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അപ്പോസ്തലന്മാരായി സ്വയം മേനി നടിക്കുന്ന മലയാളി ഇപ്പോൾ അയാളെ തെറിവിളിക്കാൻ ക്യൂ നിൽക്കുവാണ്. അയാളെ തെറിവിളിച്ച് കിട്ടുന്ന ആത്മസുഖം മതി ഇനി കുറച്ച് ദിവസത്തേക്ക് മലയാളിക്ക് ആഘോഷിക്കാൻ

Published

on

ജിതിൻ കെ ജേക്കബ് തന്റെ ഫേസ്ബുക്കിൽ കുറിച്ച കുറിപ്പ് ഇങ്ങനെയാണ് , ആരെങ്കിലും അഭിപ്രായം പറഞ്ഞാൽ കൂട്ടത്തോടെ പോയി അഭിപ്രായം പറഞ്ഞ ആൾക്കെതിരെ തെറിപ്പൂരവും, അ ശ്ലീലവും നടത്താൻ ഞാൻ ഉൾപ്പെടെയുള്ള മലയാളികളെ കഴിഞ്ഞിട്ടേ വേറെ ആളുള്ളൂ. അതിപ്പോൾ സച്ചിൻ ടെൻഡുൽക്കറെ അറിയില്ല എന്ന് പറഞ്ഞ ടെന്നീസ് താരം മറിയ ഷരപ്പോവയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന് താഴെ പോയി തെറിവിളിക്കാൻ ആണെങ്കിലും മലയാളിയാണ് മുന്നിൽ.

നമ്മൾ എല്ലാത്തിലും നമ്പർ വൺ ആണെന്ന അഹങ്കാരം ഏറ്റവും വൃത്തികെട്ട രീതിയിൽ നമ്മളെ ബാധിച്ചിട്ടുണ്ട്.
വാളയാറിന് അപ്പുറത്ത് ജീവിക്കുന്ന മനുഷ്യർക്ക് വിവരം ഇല്ല, മലയാളി ലോകത്തിലെ ഏറ്റവും വലിയ സംഭവം ആണ്, മലയാള സിനിമകൾ ആണ് ലോകത്തിലെ ഏറ്റവും മികച്ച സിനിമകൾ, മലയാള നടീ നടന്മാരാണ് ലോകത്തിലെ ഏറ്റവും വലിയ അഭിനേതാക്കൾ, ലോകത്തിലെ ഏറ്റവും സുന്ദരമായ നാട് കേരളം ആണ്, ഏറ്റവും പ്രബുദ്ധ ജനത മലയാളി ആണ്,

ഏറ്റവും മികച്ച ഭക്ഷണം കേരളത്തിലാണ് ലഭിക്കുന്നത്…അങ്ങനെ പോകുന്നു നമ്മുടെ സ്വയം വിലയിരുത്തൽ. സഞ്ജു സാംസൺ കളിച്ചില്ല എങ്കിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ ജയിക്കാൻ കഴിയില്ല അത്രെ. ഇന്ത്യൻ ടീം കളിക്കുമ്പോൾ ‘സഞ്ജു ഉയിർ ബാക്കിയുള്ളവർ മയി. ‘ എന്നൊക്ക ഉള്ള ബാനർ ഉയർത്തി കാട്ടുന്ന മലയാളികളെ കണ്ടിട്ടുണ്ട്. സഞ്ജു എന്ന ക്രിക്കറ്റ്‌ കളിക്കാരന്റെ ഏറ്റവും വലിയ ശാപമാണ് മലയാളി ഫാൻസ്‌. അത് അയാളുടെ കരിയറിനെ വലിയ രീതിയിൽ നെഗറ്റീവ് ആയി ബാധിച്ചിട്ടുമുണ്ട്.

നമ്മൾ സ്വയം അഭിമാനിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷെ നമ്മൾ ആണ് ലോകത്തെ നിയന്ത്രിക്കുന്നത് എന്ന് ചിന്തിക്കുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്.. ‘മഞ്ഞുമ്മല്‍ ബോയ്സ്’ എന്ന സിനിമയെ കുറിച്ച് എഴുതിയ തമിഴ്നാട്ടിലെ ഒരു എഴുത്തുകാരൻ സിനിമയെയും മലയാളികളുടെ സംസ്കാരത്തെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരിക്കുന്നു. ലഹരി ആസക്തിയെ സാമാന്യവത്കരിക്കുന്ന ചിത്രമാണ് എന്ന് ബ്ലോഗർ പറയുന്നു.
ദക്ഷിണേന്ത്യയിലുടനീളമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്ന

കേരളത്തിലെ വിനോദ സഞ്ചാരികൾ മദ്യപിച്ച് കാട്ടികൂട്ടുന്ന കാര്യങ്ങൾ അദ്ദേഹം തുടർന്ന് പറയുന്നു. ഊട്ടിയിലും കൊടൈക്കനാലിലും കുറ്റാലത്തുമൊക്കെ മലയാളികളായ മദ്യപാനികള്‍ പൊതുനിരത്തില്‍ മോശമായി പെരുമാറുന്നത് കുറഞ്ഞത് പത്ത് തവണയെങ്കിലും അദ്ദേഹം കണ്ടിട്ടുണ്ടത്രെ. കുടിച്ച ശേഷം കുപ്പി റോഡിൽ വലിച്ചെറിഞ്ഞ് പൊട്ടിക്കും….!സഹിഷ്ണുതയുടെയും, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും അപ്പോസ്തലന്മാരായി സ്വയം മേനി നടിക്കുന്ന മലയാളി ഇപ്പോൾ അയാളെ തെറിവിളിക്കാൻ ക്യൂ നിൽക്കുവാണ്. അയാളെ തെറിവിളിച്ച് കിട്ടുന്ന ആത്മസുഖം മതി ഇനി കുറച്ച് ദിവസത്തേക്ക് മലയാളിക്ക് ആഘോഷിക്കാൻ.

അദ്ദേഹം പറഞ്ഞതിൽ ഒരു തെറ്റും ഞാൻ കാണുന്നില്ല. മലയാളി വിനോദ സഞ്ചാരത്തിന് പോകുന്നത് തന്നെ കള്ള് കുടിക്കാൻ ആണോ എന്ന് എത്രയോ തവണ തോന്നിയിട്ടുണ്ട്. ഗോവയിലൊക്കെ മലയാളികൾ കാട്ടി കൂട്ടുന്നത് കണ്ടാൽ വെറുത്ത് പോകും. വെള്ളം അടിക്കാൻ ആണെങ്കിൽ നാട്ടിൽ ഏതെങ്കിലും ഹോട്ടലിൽ മുറി എടുത്ത് അടിച്ചാൽ പോരെ. എന്നിട്ട് പിറ്റേന്ന് എഴുന്നേറ്റ് പോയാൽ മതിയല്ലോ. അതാകുമ്പോൾ ആർക്കും ഒരു ശല്യവുമില്ല. നമ്മുടെ സ്വഭാവം മാറ്റാതെ, നമ്മൾ വലിയ സംഭവം ആണെന്ന് സ്വയം കരുതി,

നമ്മളെ തുറന്ന് കാട്ടുന്നവരെ തെറിവിളിച്ചിട്ട് എന്ത് കാര്യം?ഏകദേശം 30 ലക്ഷം മലയാളികൾ മറ്റു സംസ്ഥാനങ്ങളിൽ ജീവിക്കുന്നു എന്നോർക്കണം. 35 ലക്ഷം മലയാളികൾ വിദേശ രാജ്യങ്ങളിൽ ജീവിക്കുന്നു. നമ്മൾ എല്ലാവരെയും പുച്ച്ചിക്കുമ്പോൾ കേരളം എന്ന സംസ്ഥാനം തന്നെ നിലനിന്നു പോകുന്നത് അന്യസംസ്ഥാനങ്ങളെ ആശ്രയിച്ചും, വിദേശ രാജ്യങ്ങളിൽ നിന്നും പ്രവാസികൾ അയക്കുന്ന പണത്തിന്റെയും ബലത്തിൽ ആണെന്ന് മറക്കരുത്.

നമ്പർ വൺ ആണ്, പ്രബുദ്ധരാണ് എന്നൊക്കെ സ്വയം പറഞ്ഞ് നടക്കാം, പക്ഷെ ബാക്കിയുള്ള മനുഷ്യരും ലോകവും അപരിഷ്കൃതരും, പ്രാകൃത ജീവിതം നയിക്കുന്നവരും ആണെന്ന് കരുതരുത്. നമ്മൾ വാളയാറിനു അപ്പുറം ഉള്ള എല്ലാവരെയും കളിയാക്കുന്നു, പുച്ച്ഛിക്കുന്നു. അതേസമയം ലോകം നമ്മളെ എങ്ങനെ കാണുന്നു എന്നത് നമ്മൾ മനസിലാക്കണം. അത് സ്വയം വിമർശനം ആയി കാണണം. അല്ലാതെ തെറിപറഞ്ഞ് വീണ്ടും സ്വയം നാറുക അല്ല വേണ്ടത്..

പിന്നെ പറഞ്ഞിട്ട് കാര്യമില്ല, മൂവാറ്റുപുഴയിൽ നിന്ന് എറണാകുളം വരെ പോലും പോകാത്തവനൊക്കെയാണ് മറ്റു സംസ്ഥാനങ്ങളിലെ ജനങ്ങളെ കുറിച്ചും, മറ്റു രാജ്യങ്ങളെ കുറിച്ചും കാണ്ഡം കാണ്ഡം എഴുതുന്നത്. അപ്പോൾ പിന്നെ ഇങ്ങനെ അല്ലേ വരൂ. പക്ഷെ ഇത് ഏറ്റവും കൂടുതൽ ദോഷം ചെയ്യുന്നത് കേരളത്തിന്‌ പുറത്ത് ജീവിക്കുന്ന ലക്ഷക്കണക്കിന് മലയാളികളെ തന്നെ ആണെന്ന് ഇവർ മനസ്സിലാക്കുന്നില്ല എന്നതാണ് ഖേദകരം.
നമ്മളെകുറിച്ച് നമ്മൾ പറയുന്നത് അല്ല, മറ്റുള്ള സമൂഹം കൂടി എന്ത് പറയുന്നു എന്നത് നോക്കണം.

അവർ പറയുന്നത് എല്ലാം അംഗീകരിക്കണം എന്നല്ല പറയുന്നത്, പക്ഷെ അതിൽ എന്തെങ്കിലും വസ്തുതകൾ ഉണ്ടോ എന്ന് പരിശോധിച്ച് തിരുത്തേണ്ടത് ആണെങ്കിൽ തിരുത്തുക ആണ് വേണ്ടത്. അല്ലാതെ പ്രബുദ്ധരും, പുരോഗമന വാദികളും, ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെയും, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആഗോള വക്താക്കളും ഒക്കെയായി സ്വയം മേനി നടിച്ചിട്ട് അഭിപ്രായം പറയുന്നവർക്ക് നേരെ തെറി അഭിഷേകം നടത്തുക അല്ല വേണ്ടത്.