Special Report
‘സ്വന്തം അച്ഛന് ഇത് സംഭവിക്കുമ്പോൾ ഞാനും ചിരിക്കാം!; പരിഹസിച്ച ആള്‍ക്ക് ചുട്ട മറുപടി നല്‍കി ദിയ കൃഷ്ണ
നടനും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തെ പരിഹസിച്ച് എത്തിയആള്‍ക്ക് മറുപടി കൊടുത്ത് മകള്‍ ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയ വഴിയായിരുന്നു ദിയയുടെ മറുപടി.
തനിക്ക് വന്ന മെസ്സേജും അതിനെ താന്‍ കൊടുത്ത മറുപടിയും താരം തന്നെ ഇന്‍സ്റ്റഗ്രാമില്‍
സ്റ്റോറിയായി പങ്കുവെച്ചു. ഇതിപ്പോള്‍ വൈറല്‍ ആവുകയാണ്. കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റു എന്ന വാര്‍ത്തയുടെ കീഴെ വന്ന കമന്റുകള്‍ കണ്ട് ഒരുപാട് ചിരിച്ചു എന്നാണ് ദിയ കൃഷ്ണയ്ക്ക് ഒരാള്‍ മെസ്സേജ് അയച്ചത്. ഇതിന് മറുപടിയായി, നന്നായി സ്വന്തം വീട്ടില്‍ അച്ഛന് ഇത് സംഭവിക്കുമ്പോള്‍
വന്ന് പറഞ്ഞാല്‍ ഞാനും കുറെ ചിരിക്കാം എന്നായിരുന്നു ഈ വ്യക്തിയ്ക്ക് ദിയ നല്‍കിയ മറുപടി. ഏപ്രില്‍ 20ന് കുണ്ടറ മുളവനയില്‍ നടന്ന പ്രചാരണത്തിനിടെ മൂര്‍ച്ചയുള്ള വസ്തു കൊണ്ടതിനെ തുടര്‍ന്ന് കൃഷ്ണകുമാറിന്റെ വലതു കണ്ണിലെ കൃഷ്ണമണിക്ക് പരുക്കേറ്റിരുന്നു. തുടര്‍ന്ന് സ്വകാര്യ കണ്ണാശുപത്രിയില്‍ എത്തി
ചികിത്സ തേടുകയും ചെയ്തു. സംഭവത്തില്‍ കൃഷ്ണകുമാര്‍ പൊലീസിനു പരാതി നല്‍കിയിരുന്നു. അതിനു പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്നായിരുന്നു കൃഷ്ണകുമാറിന്റെ ആരോപണം. മൂര്‍ച്ചയുള്ള ആയുധം കൊണ്ടു തന്നെ ആക്രമിക്കുകയായിരുന്നുവെന്ന് കൃഷ്ണകുമാര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ
അടിസ്ഥാനത്തില്‍ പൊലീസും സ്‌പെഷല്‍ ബ്രാഞ്ചും നടത്തിയ അന്വേഷണത്തില്‍ ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജനറല്‍ സെക്രട്ടറി മുളവന കഠിനാംപൊയ്ക ജിത്തു ഭവനില്‍ സനല്‍ പുത്തന്‍വിളയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.