സ്വന്തം പറമ്പില്‍ നിന്ന് തേങ്ങ പറിക്കുന്നതിന് വയോധികയ്ക്ക് സിപിഎമ്മിന്‍റെ വിലക്ക്.കത്തി കാട്ടി ഭീഷണിപ്പെടുത്തുന്നതിന്‍റെയും അസഭ്യം പറയുന്നതിന്റെ വീഡിയോ പുറത്ത്


സ്വന്തം പറമ്പില്‍ നിന്ന് തേങ്ങ പറിക്കുന്നതിന് വയോധികയ്ക്ക് സിപിഎമ്മിന്‍റെ വിലക്കെന്ന് പരാതി. അതേ സമയം പുറത്ത് നിന്ന് തൊഴിലാളികള്‍ എത്തിയത് പാലായി ഭാഗത്തെ തൊഴിലാളികള്‍ ചോദ്യം ചെയ്യുക മാത്രമാണ് ഉണ്ടായതെന്നുമാണ് സിപിഎം പ്രതികരണം.

70 വയസുകാരി എംകെ രാധയേയും മകള്‍ ബീനയേയും പേരക്കുട്ടിയേയും അസഭ്യം പറയുകയും കത്തികാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. സ്വന്തം പറമ്പില്‍ നിന്ന് തേങ്ങയിടാന്‍ തൊഴിലാളികളുമായി എത്തിയപ്പോഴാണ് ഭീഷണി. കത്തി കാട്ടി

ഭീഷണിപ്പെടുത്തുന്നതിന്‍റെയും അസഭ്യം പറയുന്നതിന്‍റെയും വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. പിണറായിയാണ് നാട് ഭരിക്കുന്നതെന്ന് ഓര്‍ത്തോ എന്ന് ആക്രോശിക്കുന്നതും തെങ്ങുകയറ്റ തൊഴിലാളിയെ മര്‍ദ്ദിക്കുന്നതും വീട്ടുകാര്‍ ചിത്രീകരിച്ച വീഡിയോയിലുണ്ട്.

കയ്യൂര്‍ സമര സേനാനി ഏലിച്ചി കണ്ണന്‍റെ കൊച്ചുമകളാണ് രാധ. അപ്രോച്ച് റോഡിന്‍റെ സ്ഥലം ഏറ്റെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്ന് എട്ട് വര്‍ഷത്തോളമായി സിപിഎമ്മിന്‍റെ ഊരുവിലക്കാണെന്ന് രാധയുടെ മകള്‍ ബീന ആരോപിച്ചു. എന്നാല്‍ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നാണ്

സിപിഎം വിശദീകരണം. പാലായി ഷട്ടര്‍ കം ബ്രിഡ്ജുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ക്കെതിരെ കൊടുത്ത കേസുകള്‍ കോടതി തള്ളിയതിനെ തുടര്‍ന്ന് വീണ്ടും പ്രകോപനം സൃഷ്ടിക്കാന് ശ്രമിക്കുകയാണെന്ന് സിപിഎം വെസ്റ്റ് പേരോല്‍ ലോക്കല്‍ സെക്രട്ടറി പി മനോഹരൻ പറഞ്ഞു.