Special Report
100 കോടിയ്ക്ക് മുകളിലുള്ള സൗന്ദര്യയുടെ സ്വത്ത് എവിടെപ്പോയി? തമ്മിലടിച്ച് കുടുംബം; എല്ലാം അധീനതയിലാക്കി നടന്‍
നടി 2004ലുണ്ടായ ഒരു വിമാനാപകടത്തില്‍ തന്റെ മുപ്പതാം വയസിലാണ് മരണപ്പെടുന്നത്. 12 വര്‍ഷക്കാലം നീണ്ടുനിന്ന തന്റെ അഭിനയ ജീവിതത്തിനിടയില്‍ നൂറിലധികം സിനിമകളില്‍ വേഷമിടാന്‍ സൗന്ദര്യയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തെലുഗു സിനിമയിലെ നിത്യഹരിതനായിക എന്നാണ് ആരാധകര്‍ സൗന്ദര്യയെ ഓര്‍ക്കുന്നത്. അക്കാലത്തെ എല്ലാ സൂപ്പര്‍താരങ്ങളോടൊപ്പവും അഭിനയിക്കാനുള്ള അവസരവും അവര്‍ക്ക് ലഭിച്ചു. നിരവധി പുരസ്‌കാരങ്ങളും സൗന്ദര്യയ്ക്ക് അതിനോടകം ലഭിച്ചിരുന്നു. മൂന്ന് തവണ നന്ദി പുരസ്‌കാരങ്ങളും, രണ്ട് തവണ കര്‍ണാടക സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും സൗന്ദര്യ തന്റെ കരിയറില്‍ നേടിയിരുന്നു. 2004 ഏപ്രില്‍ 17ന് ബംഗ്ലളൂരുവിന് സമീപമുണ്ടായ വിമാനാപകടത്തിലാണ് സൗന്ദര്യ മരിക്കുന്നത്. സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കാനുള്ള ഒരുക്കത്തിലായിരുന്നു സൗന്ദര്യ. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ പങ്കെടുത്തിരുന്നു സൗന്ദര്യ. 2004ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആന്ധ്രയിലെ കരീംനഗര്‍ മണ്ഡലത്തില്‍ ബി.ജെ.പിയുടെ സിറ്റിങ് എം.പിയും കേന്ദ്രമന്ത്രിയുമായ വിദ്യാസാഗര്‍ റാവുവിന് വേണ്ടി പ്രചരണത്തിന് പോകവെയാണ് താരം സഞ്ചരിച്ചിരുന്ന വിമാനം അപകടത്തില്‍ പെടുന്നതും സൗന്ദര്യ മരിക്കുന്നതും.
വിമാനത്തില്‍ സൗന്ദര്യയ്‌ക്കൊപ്പം ഉണ്ടായിരുന്ന സഹോദരന്‍ അമര്‍നാഥും അപകടത്തില്‍ മരിച്ചു. മലയാളി കൂടിയായ പൈലറ്റ് ജോയ് ഫിലിപ്‌സും ബിജെപി നേതാവ് രമേഷ് കാദമും വിമാനത്തിലുണ്ടായിരുന്നു. നാല് പേരും വിമാനത്തോടൊപ്പം അഗ്നിയ്ക്ക് ഇരയായായി. മരിക്കുമ്പോള്‍ സൗന്ദര്യ വിവാഹിതയായി ഒരു വര്‍ഷം പൂര്‍ത്തിയായതെ ഉണ്ടായിരുന്നുള്ളു. താരം ഗര്‍ഭിണിയായിരുന്നുവെന്നും പിന്നീട് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. സ്‌ഫോടനത്തില്‍ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പോലും സാധിക്കാത്ത വിധം കത്തിക്കരിഞ്ഞു പോയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സൗന്ദര്യയുടെ സ്വത്തിന് എന്ത് സംഭവിച്ചു? സൂപ്പര്‍ നായികയായതു കൊണ്ട് തന്നെ വലിയൊരു സമ്പത്തു തന്നെ സൗന്ദര്യയ്ക്കുണ്ടായിരുന്നു. നൂറ് കോടിക്ക് മുകളിലുള്ള സ്വത്തുണ്ടായിരുന്നു സൗന്ദര്യയ്‌ക്കെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ താരത്തിന്റെ മരണ ശേഷം കുടുംബത്തിനുള്ളില്‍ വലിയ കലഹങ്ങള്‍ക്ക് ഈ സ്വത്ത് ഒരു കാരണമായി മാറി. സഹോദരന്‍ അമര്‍നാഥിന്റെ ഭാര്യ നിര്‍മലയും മകനും സൗന്ദര്യയുടെ സ്വത്തില്‍ അവകാശ വാദം ഉന്നയിച്ച് രംഗത്ത് വന്നതോടെയാണ് വിവാദം ഉടലെടുക്കുന്നത്.
സൗന്ദര്യ വില്‍പ്പത്രം എഴുതിയിരുന്നെന്ന് അവകാശപ്പെട്ടാണ് ഇവര്‍ സ്വത്തില്‍ വലിയൊരു ഭാഗം ആവശ്യപ്പെട്ടത്. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതോടെ താരത്തിന്റെ മാതാവും ഭര്‍ത്താവും അത് നിഷേധിച്ചു. സൗന്ദര്യ വില്‍പത്രം എഴുതിയിരുന്നില്ല. 31 വയസില്‍ സൗന്ദര്യക്ക് വില്‍പ്പത്രം എഴുതേണ്ട ആവശ്യമില്ലായിരുന്നെന്നുമാണ് സൗന്ദര്യയുടെ അമ്മ മഞ്ജുളയും ഭര്‍ത്താവ് രഘുവും കോടതിയില്‍ വാദിച്ചത്. പിന്നീട് കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് തീര്‍ത്തുവെന്നും കേസ് പിന്‍വലിച്ചുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിനിടെ സൗന്ദര്യയുടെ പേരിലെ ആറ് ഏക്കറിനെ ചൊല്ലിയും വിവാദം ഉടലെടുത്തിരുന്നു. ഹൈദരാബാദിലെ ഷംഷബാദില്‍ ആറ് ഏക്കര്‍ സ്ഥലം സൗന്ദര്യയ്ക്കുണ്ടായിരുന്നു. മാതാപിതാക്കളുടെ പേരിലാണ് ഈ സ്ഥലം വാങ്ങിയത്. കോടികള്‍ വില മതിക്കുന്ന ഈ സ്ഥലം പക്ഷെ ഇന്ന് സൗന്ദര്യയുടെ മാതാപിതാക്കളുടെ കൈവശമില്ല. തെലുങ്ക് നടന്‍ മോഹന്‍ ബാബുവാണ് ഉടമസ്ഥന്‍. അത് എങ്ങനെയാണ് സംഭവിച്ചതെന്ന് പലരും ചോദിച്ചിരുന്നു. മാതാപിതാക്കള്‍ വിറ്റതാകാം എന്നാണ് കരുതപ്പെടുന്നത്. മോഹന്‍ ബാബുവിനെതിരായ ആരോപണം എന്താണ്? ഇപ്പോഴിതാ മരണത്തിന് 22 വര്‍ഷം ശേഷം സൗന്ദര്യ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയാണ്.
സൗന്ദര്യയുടെ മരണത്തില്‍ നടന്‍ മോഹന്‍ ബാബുവിനെതിരെ ആരോപണം ഉയര്‍ന്നതോടെയാണ് സിനിമാ ലോകവും ആരാധകരും വര്‍ഷങ്ങള്‍ പിന്നിലോട്ട് സഞ്ചരിക്കുന്നത്. സാമൂഹിക പ്രവര്‍ത്തകനായ ചിട്ടിമല്ലുവാണ് മോഹന്‍ ബാബുവിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ആന്ധ്രയിലെ ഖമ്മം ജില്ല പൊലീസ് മേധാവിയ്ക്ക് മുമ്പിലാണ് പരാതി നല്‍കിയിരിക്കുന്നത്. സൗന്ദര്യയുടേത് അപകടമരണമല്ലെന്നും കൊലപാതകമാണെന്നുമാണ് ആരോപണം. അതിന് പിന്നില്‍ മോഹന്‍ ബാബുവാണെന്നാണ് ചിട്ടിമല്ലു പറയുന്നത്. സൗന്ദര്യയുടെ ഷംഷാബാദിലെ ആറ് ഏക്കര്‍ ഭൂമി വില്‍ക്കാന്‍ മോഹന്‍ ബാബു സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍ സൗന്ദര്യയും സഹോദരനും അതിന് വഴങ്ങിയില്ല. പിന്നീടാണ് സൗന്ദര്യ മരണപ്പെടുന്നത്. സൗന്ദര്യയുടെ മരണ ശേഷം ഈ സ്ഥലം മോഹന്‍ ബാബു കരസ്ഥമാക്കിയെന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ഇയാളുടെ പരാതിയില്‍ പൊലീസ് ഇതുവരേയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതേസമയം, മോഹന്‍ ബാബുവും പരാതിയോട് പ്രതികരിച്ചിട്ടില്ല. എന്താണ് പരാതിക്കാരന് കേസുമായുള്ള ബന്ധമെന്നും മോഹന്‍ ബാബുവുമായും സൗന്ദര്യയുമായും ഇയാള്‍ക്കുള്ള ബന്ധം എന്താണെന്നൊക്കെ പൊലീസ് അന്വേഷിച്ച് വരികയാണ്.
നിയമോപദേശം തേടിയ ശേഷം മാത്രമാകും പൊലീസ് മുന്നോട്ട് പോകണോ വേണ്ടയോ എന്ന് തീരുമാനിക്കുക. ആരാണ് മോഹന്‍ ബാബു? നടന്‍, നിര്‍മ്മാതാവ് തുടങ്ങിയ മേഖലകളിലെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള തെലുങ്ക് സിനിമയിലെ കരുത്തനാണ് മോഹന്‍ ബാബു. സിനിമയ്ക്ക് പുറമെ രാഷ്ട്രീയത്തിലും മോഹന്‍ ബാബു സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തെലുങ്കിന് പുറമെ തമിഴിലും മോഹന്‍ ബാബു അഭിനയിച്ചിട്ടുണ്ട്. തെലുങ്കിലെ കരുത്തരായ കുടുംബമാണ് മോഹന്‍ ബാബുവിന്റേത്. അതേസമയം കുറച്ചുനാള്‍ മുമ്പ് മോഹന്‍ ബാബുവിന്റെ കുടുംബത്തില്‍ സ്വത്തിനെ ചൊല്ലിയുണ്ടായ തര്‍ക്കം വാര്‍ത്തയായി മാറിയിരുന്നു. ഇതേക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകനെ മോഹന്‍ ബാബുവിന്റെ മകന്‍ തല്ലിയതും വാര്‍ത്തയായിരുന്നു. ഈ സംഭവവും ചിട്ടിമല്ലു തന്റെ പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. അതേസമയം, തന്റെ മകന്‍ വിഷ്ണു മഞ്ചു നായകനാകുന്ന കണ്ണപ്പയാണ് മോഹന്‍ ബാബുവിന്റെ പുതിയ സിനിമ. ഇന്ത്യന്‍ സിനിമയിലെ വലിയ താരങ്ങളായ മോഹന്‍ലാല്‍, അക്ഷയ് കുമാര്‍, പ്രഭാസ് തുടങ്ങിയവര്‍ ചിത്രങ്ങള്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. സൗന്ദര്യയുടെ സിനിമാ ജീവിതം 1992ല്‍ കന്നഡ ചിത്രം ഗാന്ധര്‍വ്വയിലൂടെയാണ് സൗന്ദര്യ കരിയര്‍ ആരംഭിക്കുന്നത്.
പിന്നീട് തെലുങ്കിലും തമിഴിലുമെല്ലാം തിരക്കുള്ള നായികയായി. ഇതിനിടെയാണ് അമിതാഭ് ബച്ചന്റെ നായികയായി ഹിന്ദിയിലെത്തുന്നത്. സൂര്യവംശിയായിരുന്നു ചിത്രം. സിനിമ വലിയ വിജയം നേടുകയും ചെയ്തു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിലൂടെയാണ് സൗന്ദര്യ മലയാളത്തിലെത്തുന്നത്. പിന്നീട് മോഹന്‍ലാലിന്റെ നായികയായി കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലും അഭിനയിച്ചു. മണിച്ചിത്രത്താഴിന്റെ കന്നഡ റീമേക്കായ ആപ്തമിത്രയാണ് ഒടുവില്‍ അഭിനയിച്ച സിനിമ. താരത്തിന്റെ മരണശേഷമാണ് ഈ സിനിമ റിലീസാകുന്നത്. അതേസമയം ആപ്തമിത്രയോടെ സൗന്ദര്യ സിനിമാ ജീവിതം അവസാനിപ്പിച്ച് കുടുംബ ജീവിതത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചിരുന്നുവെന്ന് പിന്നീട് സുഹൃത്തായ നടി വെളിപ്പെടുത്തിയിരുന്നു.